ഈറോഡ്: ആദ്ധ്യാത്മിക ആചാര്യനും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കറുമായി പറന്നുയർന്ന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള സത്യമംഗലം കടുവാ സങ്കേതത്തിന് സമീപമുള്ള ആദിവാസി ഗ്രാമത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റങ്ങൾ കാരണമാണ് ഹെലികോപ്റ്റർ വനമേഖലയിൽ ഇറക്കിയത്.
ശ്രീ ശ്രീ രവിശങ്കറും രണ്ട് സഹായികളും പൈലറ്റും ഉൾപ്പെടെ നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ബംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം.
സത്യമംഗലം കാടിന് മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത്. മുന്നോട്ട് പോകാനാകില്ലെന്ന് തോന്നിയ സാഹചര്യത്തിലാണ് പൈലറ്റ് ഹെലികോപ്റ്റർ കാടിന് സമീപം സുരക്ഷിത സ്ഥാനത്ത് ഇറക്കിയതെന്ന് കദംബൂർ പോലീസ് ഇൻസ്‌പെക്ടർ സി വടിവേൽ പറഞ്ഞു.








