ന്യൂഡൽഹി : ബിബിസി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്‌ഐ, എൻഎസ്‌യുഐ സംഘടനകളാണ് സർവ്വകലാശാലയിൽ പ്രതിഷേധിച്ചത്. രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സർവ്വകലാശാല അറിയിച്ചതോടെയാണ് പ്രതിഷേധവുമായി ഇടത് ലിബറലിസ്റ്റുകൾ രംഗത്തെത്തിയത്. തുടർന്ന് പോലീസ് എത്തി 13 ഓളം സംഘടനാ നേതാക്കളെ കസ്റ്റഡിയിലെടുത്തു. നാല് മലയാളികളും കസ്റ്റഡിയിലാണ്.
സർവ്വകലാശാലയിൽ പ്രതിഷേധം കനത്തതോടെ ക്ലാസുകൾ പിരിച്ചുവിടുകയായിരുന്നു. സർവ്വകലാശാല ഗേറ്റുകൾ പൂർണമായും അടച്ചിട്ടു. ഗേറ്റിന് മുന്നിലോ ക്ലാസുകൾക്ക് മുന്നിലോ സംഘടിക്കാനോ പ്രതിഷേധിക്കാനോ അനുമതിയില്ല. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ക്യാമ്പസിൽ പോലീസ് സേന തമ്പടിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ജാമിയ മിലിയ സർവ്വകലാശാലയിൽ ഇടത് സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ സർവ്വകലാശാല ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തയിത്. ഇതോടെ പോലീസ് എത്തി സാഹചര്യം നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ പ്രതിഷേധം കനത്തതോടെ ഇടത് നേതാക്കളെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആഫീസ് ഷെരീഫ് ( എസ്എഫ്‌ഐ ജാമിയ മിലിയ യൂണിറ്റ് സെക്രട്ടറി), നിവാദ്യ പിടി(എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി), അഭിരാം, തേജസ് എന്നീ മലയാളികളെയാണ് കസ്റ്റഡിയിലെടുത്തത്. എൻഎസ്‌യു നേതാവ് അബ്ദുൾ ഹമീദ്, എസ്എഫ്‌ഐ നേതാവ് ആദം എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post