ലക്‌നൗ : ദിവ്യാംഗരെ മുന്നിലേക്ക് കൊണ്ടുവരികയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവ്യാംഗരെ ശാക്തീകരിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനതാ ദർശൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യംഗർക്ക് സഹതാപത്തേക്കാൾ കൂടുതൽ പ്രോത്സാഹനവും സഹകരണവുമാണ് ആവശ്യം. അവർക്ക് മുന്നോട്ട് വരാൻ ആവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് വകുപ്പുതല ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. പരിപാടിയിൽ 300 ഓളം പേർ യോഗി ആദിത്യനാഥിനെ സന്ദർശിക്കാനെത്തിയിരുന്നു. മൂന്ന് ചക്രങ്ങളുള്ള വാഹമാണ് ദിവ്യാംഗർ ആവശ്യപ്പെട്ടത്. മാനസിക പ്രശ്‌നമുള്ളവരുടെ കുടുംബാംഗങ്ങൾ അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെപ്പറ്റിയും ചോദിച്ചു.
ഇവരുടെ പ്രശ്നങ്ങൾ മനസിലാക്കിയ മുഖ്യമന്ത്രി, നിർധനരായ വ്യക്തികൾക്ക് മൂന്ന് ചക്രമുള്ള മോട്ടോർ വാഹനങ്ങൾ നൽകാൻ നിർദ്ദേശിച്ചു. മാനസിക വൈകല്യമുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് വേഗത്തിലാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
ഗുരുതര രോഗബാധിതർ ചികിത്സയ്ക്ക് സർക്കാരിൽ നിന്ന് ധനസഹായം ആവശ്യപ്പെട്ടു. ഇവരുടെ അഭ്യർത്ഥന പ്രകാരം എസ്റ്റിമേറ്റ് തയ്യാറായാലുടൻ അത് നൽകുമെന്നും പണമില്ലാത്തതിനാൽ ആരുടെയും ചികിത്സ മുടങ്ങില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. അനീതിക്കെതിരെ ജനങ്ങൾ ശക്തമായി പോരാടണമെന്നും എല്ലാവർക്കും നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post