മലപ്പുറം; ഗുജറാത്തിൽ ഗോധ്രാനന്തര കലാപത്തിലേക്ക് നയിച്ച സബർമതി എക്സ്പ്രസിൽ കർസേവകരെ ചുട്ടുകൊന്ന സംഭവം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് കെടി ജലീൽ എംഎൽഎ. ഇന്നോളം അത്തരമൊരു സംഭവം അവിടെ നടന്നിട്ടില്ലെന്നാണ് ജലീലിന്റെ വാദം. ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയെക്കുറിച്ച് ജലീൽ ഫേസ്ബുക്കിലിട്ട കുറിപ്പിന് മറുപടിയായി കമന്റിൽ ഒരാൾ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതിനോടായിരുന്നു ജലീലിന്റെ പ്രതികരണം.
58 സാധു തീർത്ഥാടകരെ ട്രെയിനിലിട്ട് തീകൊളുത്തി കൊന്നതിന് ശേഷമാണ് കലാപം പുറപ്പെട്ടത് എന്ന കാര്യം മറക്കരുതെന്നും തീർത്ഥാടകർക്ക് നേരെ യുദ്ധോത്സുകതയോടെ പുറപ്പെട്ടിറങ്ങിയവർക്ക് വേണ്ടി ഇരവാദം മുഴക്കുമ്പോൾ ഇത് ഓർക്കണമെന്നും അഭിലാഷ് ആസാദ് എന്നയാളാണ് ജലീലിനെ ഓർമ്മിപ്പിച്ചത്. ഇതിനുളള മറുപടിയിലാണ് ഈ സംഭവം കൃത്രിമമാണെന്ന ജലീലിന്റെ കണ്ടെത്തൽ.
മുൻകൂട്ടി ആസൂത്രണം ചെയ്ത ഗുജറാത്ത് കലാപത്തിന് കാരണം കണ്ടെത്താനായി കൃത്രിമമായി ഉണ്ടാക്കിയത് ആയിരുന്നു ഗോധ്ര കൂട്ടക്കൊല. ഇന്നോളം അത്തരമൊരു സംഭവം അവിടെ നടന്നിട്ടില്ലെന്നും ജലീൽ പറയുന്നു. ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപത്തായി താമസിച്ചിരുന്ന ചേരി നിവാസികളായ മുസ്ലീങ്ങൾ മോദി മുഖ്യമന്ത്രിയായിരിക്കെ ഭയപ്പാടോടെയായിരുന്നു കഴിഞ്ഞതെന്നും ജലീൽ പരാമർശിക്കുന്നു. മോദി ഉഗ്രപ്രതാപിയായി സംസ്ഥാനം ഭരിക്കുമ്പോൾ തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഇങ്ങനെയൊരു പണി ചെയ്യുമോയെന്നാണ് ജലീലിന്റെ അടുത്ത ചോദ്യം. സ്വന്തം കുഴി തോണ്ടാൻ സ്വബുദ്ധിയുള്ള ആരെങ്കിലും തയ്യാറാകുമോ? എന്നായിരുന്നു ജലീലിന്റെ പ്രതികരണം.
നഗ്‌നസത്യത്തെ ഇരുട്ടുകൊണ്ട് മൂടിവെയ്ക്കാനുളള ജലീലിന്റെ നീക്കമാണ് കമന്റിലൂടെ പുറത്തുവരുന്നത്. സബർമതി എക്സ്പ്രസ് തീവണ്ടിക്ക് മുസ്ലീം കലാപകാരികൾ തീവെച്ചതിന്റെയും കർസേവകർക്കെതിരെ കൊലവിളി നടത്തിയതിന്റെയുമൊക്കെ ചിത്രങ്ങൾ സഹിതമുളള തെളിവുകൾ ഇന്ന് സുലഭമാണ്. രാജ്യം കണ്ട ഏറ്റവും വലിയ വർഗീയ സംഘർഷത്തിലേക്ക് നയിച്ച കാരണത്തെ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സ്ഥാപിക്കാനാണ് ജലീലിന്റെ ശ്രമം.
2002 ഫെബ്രുവരി 27 ന് രാവിലെയായിരുന്നു അയോദ്ധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്സ്പ്രസിന്റെ എസ് 6 ബോഗി കലാപകാരികൾ തീവെച്ചത്. 27 സ്ത്രീകളും പത്ത് കുട്ടികളും ഉൾപ്പെടെയുള്ളവരാണ് വെന്തു മരിച്ചത്. കത്തിയമർന്ന സബർമതി എക്സ്പ്രസിന്റെ ചിത്രങ്ങളും തീ അണയ്ക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളും ഉൾപ്പെടെ ഈ സംഭവവുമായ ബന്ധപ്പെട്ട ഒട്ടേറെ തെളിവുകൾ ഇന്റർനെറ്റിൽ പോലും ഇന്ന് ലഭ്യമാണ്. വസ്തുത ഇതായിരിക്കെയാണ് കൃത്രിമമായി ഉണ്ടാക്കിയ സംഭവമെന്ന് ജലീൽ വിശേഷിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് നാനാവതി കമ്മീഷനും ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുസാഫർപൂരിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തുടങ്ങിയ തീവണ്ടിയിൽ രണ്ടായിരത്തോളം കർസേവകരായിരുന്നു ഉണ്ടായിരുന്നത്. രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. 59 പേരാണ് സബർമതി എക്സ്പ്രസിൽ കൊല്ലപ്പെട്ടത്. ഇതിലധികവും കർസേവകരായിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. അഹമ്മദാബാദ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഉൾപ്പെടെ തീവണ്ടിക്ക് തീവെച്ചതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
Discussion about this post