കൊൽക്കത്ത: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹാനാണ് നേതാജിയെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. നേതാജിക്ക് ഒരിക്കലും സ്വാർത്ഥത ഉണ്ടായിരുന്നില്ല. ആഡംബര ജീവിതം നയിക്കാമായിരുന്നിട്ടും അദ്ദേഹം ഒളിവിൽ പോയി, രാജ്യത്ത് നിന്നും മാറി നിന്നു, ജയിലിൽ കിടന്നു, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ സ്വന്തമായി സൈന്യം രൂപീകരിച്ചു. രാജ്യത്തിന് വേണ്ടി നിസ്തുല സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ ജീവിതം തപസ്യയായിരുന്നുവെന്ന് സർസംഘചാലക് പറഞ്ഞു.
നേതാജിയുടെ ജന്മനാടായ കൊൽക്കത്തയിൽ ആർ എസ് എസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ മോഹൻ ഭാഗവത്. നമുക്ക് നിർഭയരായ യുവാക്കളെ വേണമെന്ന് ലാഹോർ പ്രസംഗത്തിൽ സ്വാമി വിവേകാനന്ദൻ പറയുകയുണ്ടായി. സ്വാമി വിവേകാനന്ദൻ പറഞ്ഞ എല്ലാ ഗുണവിശേഷങ്ങളും തികഞ്ഞ ഒരേയൊരു നേതാവ് നേതാജിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാജിയെ എതിർക്കുന്നവരും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവരും ദേശീയ പ്രസ്ഥാനത്തിൽ ധാരാളം ഉണ്ടായിരുന്നു. എന്നാൽ അവരെയൊന്നും നേതാജി ശത്രുക്കളായി കണ്ടില്ല. പാളയത്തിൽ പട എന്ന ആശയം അദ്ദേഹം എതിർത്തിരുന്നു. സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, നേതാജിയുടെ പാരമ്പര്യം സജീവമായി രാജ്യത്ത് തുടരുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്തിന്റെ വൈഭവത്തിനായി അദ്ദേഹം ഏതറ്റം വരെയും പോയി, യുദ്ധങ്ങൾ ചെയ്തു. സൈന്യത്തലവനായിരുന്നിട്ടും, ഓരോ സൈനികർക്കുമൊപ്പം നിന്ന് അദ്ദേഹം തോളോട് തോൾ പൊരുതി. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച് ശക്തരായ ബ്രിട്ടീഷുകാരെ അദ്ദേഹം എതിരിട്ടു. അതായിരുന്നു അദ്ദേഹത്തിന്റെ വീര്യം. ഭാഗ്യം നേതാജിക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ, നമ്മുടെ രാജ്യം എന്നേ സ്വതന്ത്ര്യം നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാജിയുടെ പാത പിന്തുടർന്ന്, രാജ്യത്തിന്റെ ഉന്നതിക്കായി ഏതറ്റം വരെയും പോകാൻ നാം തയ്യാറാകണമെന്നും ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.
Discussion about this post