മുംബൈ: സ്വന്തം വീട്ടിലിരുന്ന് വിസിലടിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലല്ലെന്ന് ബോംബെ ഹൈക്കോടതി. അഹമ്മദ്‌നഗർ സ്വദേശിനിയെ അപമാനിച്ചെന്ന കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം.
കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികൾക്കാണ് ബോംബെ ഹൈക്കോടതിയിലെ ഔറഗബാദ് ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, അഭയ് വാഗ്വാസെ എന്നിവരടങ്ങിയ ബെഞ്ചാണ് യുവാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. നെവാസ സെഷൻസ് ജഡ്ജി തങ്ങളുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ ചോദ്യം ചെയ്താണ് അഹമ്മദ്നഗർ സ്വദേശികളായ ലക്ഷ്മൺ, യോഗേഷ്, സവിത പാണ്ഡവ് എന്നീ മൂന്ന് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 3(1)(ഡബ്ല്യു)(ഐ), (
II) വകുപ്പുകൾ ഉൾപ്പെടെ ചേർത്തായിരുന്നു പ്രതികൾക്കെതിരെ യുവതി പരാതി നൽകിയിരുന്നത്. തന്റെ അനുവാദമില്ലാതെ പ്രതികൾ തന്റെ ചിത്രമെടുത്തുവെന്നും തന്റെ വീട്ടിലേക്ക് തിരിഞ്ഞിരിക്കുന്ന ഒരു സിസിടിവി ക്യാമറ പ്രതികളുടെ വീട്ടിലുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.
എന്നാൽ പ്രതികൾ യുവതിയെ ആക്രമിക്കുകയോ അനുവാദമില്ലാതെ സ്പർശിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഒരു വ്യക്തി വീട്ടിലിരുന്ന് ചില ശബ്ദങ്ങളുണ്ടാക്കുന്നത് സ്ത്രീയ്ക്കെതിരായ ലൈംഗിക താത്പര്യത്തോടെയുള്ള പ്രവൃത്തിയായി നേരിട്ട് അനുമാനിക്കാൻ കോടതിയ്ക്ക് സാധിക്കില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
Discussion about this post