ന്യൂഡൽഹി: റിപ്പബ്ലിക് ദിന ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വേളയിലെ റിപ്പബ്ലിക് ദിനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഇന്ത്യക്ക് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്നു. ആധുനിക ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തെയും ശ്രദ്ധേയമായ നേട്ടങ്ങളെയും ആദരിക്കുന്നതിനുള്ള നിമിഷമാണ് ഈ ദിവസമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയർക്ക് അവരുടെ ഭാവിയിൽ വിശ്വാസം അർപ്പിക്കാനുള്ള ദിനമാണെന്നും ഏവർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചതോടൊണ് രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കമായത്.
രൗഷ്ട്രപതി ദ്രൗപദി മുർമ്മു കർത്തവ്യപഥിലെത്തി ദേശീയ പതാക ഉയർത്തി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്തേ അൽസിസിയാണ് ഇക്കുറി മുഖ്യാതിഥിയായി എത്തുന്നത്. ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്താണ് പരേഡ് നയിക്കുന്നത്. 144 അംഗ ഈജിപ്ത് സൈനിക സംഘവും പരേഡിന്റെ ഭാഗമാകും.
കേരളം അടക്കം 14 സംസ്ഥാനങ്ങളുടേയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആറ് മന്ത്രാലയങ്ങളുടേയും നിശ്ചല ദൃശ്യങ്ങൾ ഇക്കുറി പരേഡിനുണ്ട്. 479 കലാകാരന്മാരുടെ കലാവിരുന്നും പരേഡിൻറെ ഭാഗമാകും.
Discussion about this post