തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ മുന്നിലൂടെ കടന്നുപോയപ്പോൾ എല്ലാ മലയാളിയുടെയും മനസ്സിൽ അഭിമാനം നിറഞ്ഞിരുന്നു. 96 ാം വയസ്സിൽ സാക്ഷരതാ പരീക്ഷ വിജയിച്ച് 2020 ൽ നാരീശക്തി പുരസ്‌കാരത്തിന് അർഹയായ ചേപ്പാട് സ്വദേശി കാർത്യായനി അമ്മയുടെ രൂപം ഉൾപ്പെടുത്തിക്കൊണ്ടാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്. എന്നാൽ ഈ വിവരം ആ കുടുംബത്തെ ഒന്നറിയിക്കാൻ പോലും സർക്കാർ തയ്യാറായില്ല എന്നത് സങ്കടകരം.
റിപ്പബ്ലിക് ദിനത്തിൽ തന്റെ രൂപവുമായി പോകുന്ന നിശ്ചല ദൃശ്യം കാണാനുള്ള ഭാഗ്യം പോലും കാർത്യായനി അമ്മയ്ക്ക് ലഭിച്ചില്ല. പരേഡ് നടക്കുമ്പോൾ ചേപ്പാട് മുട്ടത്തെ വീടിനുള്ളിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാതെ കിടക്കുകയാണ് അവർ. വാർദ്ധക്യകാലത്ത് അംഗീകാരത്തിന്റെ കൊടുമുടികൾ കീഴടക്കിയ, ഏതൊരു സ്ത്രീക്കും കരുത്തും ആത്മവിശ്വാസവുമായ കാർത്യായനി അമ്മയ്ക്കും സർക്കാരിനോട് ചിലത് പറയാനുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് പക്ഷാഘാതം വന്ന് കാർത്യായനി അമ്മയുടെ അരക്ക് താഴേക്ക് തളർന്നത്. ഇപ്പോൾ 101 വയസായി. രണ്ടാമത്തെ മകൾ അമ്മിണിക്കൊപ്പമാണ് താമസം. പകൽ നേരത്ത് മകൾ വീടുകളിൽ അടുക്കള പണിക്ക് പോകുമ്പോൾ കാർത്യായനി അമ്മ വീട്ടിൽ തനിച്ചായിരിക്കും. ഇവരെ നോക്കാൻ ആരുമില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ട് പോകേണ്ട അവസ്ഥയാണ്. ഉച്ചയ്ക്ക് തിരികെ എത്തിയാലേ ഒരു തുള്ളി വെള്ളമെങ്കിലും ലഭിക്കൂ. പണിക്ക് പോയിട്ട് വന്ന ശേഷമാണ് ഇവർക്ക് എല്ലാം കൊടുക്കുന്നത് എന്ന് കാർത്യായനി അമ്മയുടെ സഹോദരി തങ്കമ്മയും പറഞ്ഞു. ഈ അവസ്ഥയ്ക്ക് എന്ന് അറുതി വരുമെന്നാണ് കുടുംബം ചോദിക്കുന്നത്.
അതേസമയം റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിച്ച കേരളത്തിന്റെ ടാബ്ലോയിൽ കാർത്യായനി അമ്മയെ ഉൾപ്പെടുത്തിയത് സർക്കാരോ ജില്ലാ ഭരണകൂടമോ ഈ കുടുംബത്തെ അറിയിച്ചിട്ടില്ല. മാദ്ധ്യമ വാർത്തകളിലൂടെയാണ് അവർ ഇക്കാര്യം അറിയുന്നത്.
സ്ത്രീ പുരോഗമത്തെക്കുറിച്ച് വീരവാദം മുഴക്കുകയും നാരീശക്തി പ്രമേയമാക്കി ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കുകയും ചെയ്യുമ്പോൾ, സംസ്ഥാനത്തെ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പോലും സർക്കാർ കാണാതെ പോകുകയാണ്.
Discussion about this post