ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ ഉത്തർപ്രദേശിലെ മദ്രസയിൽ ഉയർന്നത് മത പതാക. ബറാബങ്കിയിലെ അഷ്‌റഫുൾ ഉലൂം ഇമദാദിയ സാകിൻ മദ്രസയാണ് ദേശീയ പതാകയ്ക്ക് പകരം മത പതാക ഉയർത്തിയത്. സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകർ പോലീസിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നൽകി.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അദ്ധ്യാപകരും മദ്രസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ചേർന്നായിരുന്നു മത പതാക ഉയർത്തിയത്. തുടർന്ന് ഓരോരുത്തരായി പ്രസംഗിച്ച ശേഷം ഇവിടം വിടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവസികൾ ആണ് പതാകയുടെ ചിത്രങ്ങൾ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്താതിരുന്ന ഇക്കൂട്ടർ ദേശീയ ഗാനം ആലപിക്കുകയോ മറ്റ് പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്തില്ലെന്നും പ്രദേശവാസികൾ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ഹിന്ദു സംഘടനകൾ പോലീസിനും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ഇവർ ആവശ്യപ്പെട്ടു.
അതേസമയം അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയാണ് ഇതെന്ന് വെളിപ്പെടുത്തി ഗ്രാമപ്രധാൻ സമീൻ ഹൊസനബാദ് രംഗത്ത് എത്തി. 15 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ അഷ്‌റഫുൾ ഉലൂം ഇമദാദിയ സാകിൻ പ്രവർത്തിച്ചു തുടങ്ങിയത്. എന്നാൽ ഇതിന് ഗ്രാമ സഭയുടെ അനുമതിയില്ല. സത്ഭർപൂരിലെ മദ്രസ മാത്രമാണ് ഗ്രാമസഭയുമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ ഈ മദ്രസ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post