ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച കമാന്റോ സേനകളിൽ ഒന്നായ വ്യോമസേനയിലെ ഗരുഡ് കമാന്റോസ് ഡൽഹിയിൽ നടന്ന എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷ പരേഡിന്റെ ഭാഗമായി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക സേനയാണ് ഗരുഡ് കമാൻറോ. ആദ്യമായാണ് സേന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കർത്തവ്യപഥിലൂടെ മാർച്ച് ചെയ്യുന്നത്.
സ്‌ക്വാഡ്രൺ ലീഡർ പിഎസ് ജൈതാവത്ത് ഗരുഡാണ് ടീമിനെ നയിച്ചത്. സ്‌ക്വാഡ്രൺ ലീഡർ സിന്ധു റെഡ്ഡി കണ്ടിജന്റ് കമാൻററായി. ഇന്ത്യൻ നാവികസേനയുടെ ചാരവിമാനം ഐഎൽ 38 കർത്തവ്യപഥിന് മുകളിലൂടെ പറന്നുകൊണ്ട് പങ്കാളിത്തം വഹിച്ചു. ഇത് കൂടാതെ ആറ് അഗ്നിവീരന്മാരും മാർച്ചിൽ പരേഡിൽ പങ്കെടുത്തു.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) വനിതാ സംഘം രാജ്യത്ത് ആദ്യമായി ഒട്ടക സവാരി നടത്തി. ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ഒട്ടക സവാരി സ്‌ക്വാഡാണിത്. രാജസ്ഥാൻ അതിർത്തിയിലെയും ബിക്കാനീർ സെക്ടറിലെയും പരിശീലന കേന്ദ്രമാണ് ബിഎസ്എഫ് വനിതാ സംഘത്തെ പരിശീലിപ്പിച്ചത്.
കർത്തവ്യപഥിലൂടെ വനിതാ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും മാർച്ച് നടത്തി. 2023ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ‘നാരി ശക്തി’ യുടെ ഭാഗമായാണ് സംഘത്തെ പരേഡിൽ ഉൾപ്പെടുത്തിയത്.
Discussion about this post