ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയുടെ ആകാശത്ത് ദൃശ്യവിസ്മയം തീർത്തത് 50 സൈനിക വിമാനങ്ങൾ. വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്ടറുകളുമാണ് പരേഡിൽ അണിനിരന്നത്. വിവിധ ആകൃതികളിൽ പറന്ന് ത്രിശൂൽ, ത്രിവർണ, അമൃത്, നേത്ര, പ്രചണ്ഡ് തുടങ്ങിയ ഫോർമേഷനുകളിൽ ആകാശത്ത് കാഴ്ചവെച്ച പ്രകടനം കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
വിന്റേജ് എയർക്രാഫ്റ്റുകളും അത്യാധുനീക വിമാനങ്ങളും കോർത്തിണക്കിയായിരുന്നു വായുസേന വ്യോമാഭ്യാസ പ്രകടനം ഒരുക്കിയത്. വ്യോമസേനയുടെ കൂറ്റൻ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് സി 17, സി 130 സൂപ്പർ ഹെർക്കുലസ് ട്രാൻസ്‌പോർട്ട് വിമാനവും മുതൽ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും ഫ്രാൻസിൽ നിന്ന് സ്വന്തമാക്കിയ റഫേൽ വിമാനങ്ങളും വരെ അഭ്യാസ പ്രകടനങ്ങളിൽ അണിനിരന്നു.
സി 130 സൂപ്പർ ഹെർക്കുലസിനൊപ്പം രണ്ട് റഫേൽ വിമാനങ്ങൾ കൂടി ചേർന്ന് ആയിരുന്നു വജ്‌റംഗ് ഫോർമേഷൻ ഒരുക്കിയത്. രണ്ട് സുഖോയ് 30 എംകെഐ വിമാനങ്ങളുടെ അകമ്പടിയോടെ സി 17 ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് സൃഷ്ടിച്ച ബീം ഫോർമേഷൻ, ആറ് ജാഗ്വാർ സ്‌ട്രൈക്ക് എയർക്രാഫ്റ്റ് തീർത്ത അമൃത് ഫോർമേഷൻ, മൂന്ന് സുഖോയ് 30 എംകെഐ വിമാനങ്ങൾ തീർത്ത ത്രിശൂൽ ഫോർമേഷൻ തുടങ്ങിയവ പരേഡ് വീക്ഷിക്കാനെത്തിയവരുടെ ആവേശം ഉച്ചസ്ഥായിയിലെത്തിച്ചു.
ത്രിവർണനിറം വാനിൽ പാറിച്ച് അഞ്ച് സാരംഗ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ ലാഡർ ഫോർമേഷനിൽ തീർത്ത തിരംഗ, എയർബോൺ ഏർലി വാണിംഗ് ആന്റ് കൺട്രോൾ സിസ്റ്റം എയർക്രാഫ്റ്റിന്റെ ഇരുവശങ്ങളിലായി രണ്ട് റഫേൽ വിമാനങ്ങൾ ചേർന്ന് തീർത്ത നേത്ര ഫോർമേഷൻ തുടങ്ങിയവ ഭാരതീയ വ്യോമസേനയുടെ അഭ്യാസമികവും പ്രൊഫഷണൽ വൈദഗ്ധ്യവും വിളിച്ചറിയിക്കുന്നതായിരുന്നു.
Discussion about this post