ന്യൂഡൽഹി : തന്റെ വേഷവിധാനങ്ങളിലൂടെ രാജ്യത്തിന്റെ അഭിവൃദ്ധിയും സംസ്‌കാരവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരം ഉയർത്തിക്കാണിക്കുന്ന രാജസ്ഥാനി തലപ്പാവാണ് അദ്ദേഹം ധരിച്ചത്. ഇന്ത്യയുടെ വൈവിധ്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമായാണ് ഈ തലപ്പാവ് അറിയപ്പെടുന്നത്.
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മോദി വെള്ള കുർത്തയും കറുത്ത കോട്ടും വെള്ള പാന്റുമാണ് ധരിച്ചത്. ഇതോടൊപ്പം വെള്ള ഷോളാണ് അദ്ദേഹം ധരിച്ചത്. ഇതോടൊപ്പമാണ് അദ്ദേഹം രാജസ്ഥാനി സംസ്‌കാരത്തിന്റെ ഭാഗമായ വെള്ള തലപ്പാവും ധരിച്ചത്.
ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാരെ ആദരിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് റിപ്പബ്ലിക് ദിന പരേഡിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. റിപ്പബ്ലിക് ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും പ്രധാനമന്ത്രി ആശംസകളും നേർന്നു.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വേളയിലെ റിപ്പബ്ലിക് ദിനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post