ബംഗലൂരു: കർണാടകയിൽ എട്ട് മാസം മുൻപ് യുവാവിനെ കാണാതായ കേസിൽ ബ്രെയിൻ മാപ്പിംഗ് സാങ്കേതിക വിദ്യയിലൂടെ വഴിത്തിരിവ്. വക്കീൽ ഓഫീസിൽ ജോലി ചെയ്‌തുവരികയായിരുന്ന രാമനഗർ സ്വദേശി ശ്രേയസിനെ കഴിഞ്ഞ വർഷം മെയ് 19 മുതലാണ് കാണാതായത്. സംഭവത്തിൽ യുവാവ് ജോലി ചെയ്‌തിരുന്ന ഓഫീസിലെ അഭിഭാഷകനായ ശങ്കർ ഗൗഡയെയും കൂട്ടാളിയെയും പൊലീസ് പല തവണ ചോദ്യം ചെയ്‌തിരുന്നെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.
എന്നാൽ അടുത്തിടെ പ്രതികളിൽ നടത്തിയ ബ്രെയിൻ മാപ്പിംഗ് പരീക്ഷണത്തിലൂടെ യുവാവിനെ അവര്‍ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. 2022 മെയ് 19 നാണ് സംഭവം നടന്നത്. വക്കീൽ ഓഫീസിൽ പാർട്ട് ടൈം ജോലിക്കാരനാണ് ശ്രേയസ്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും അത്യാവശ്യ കാര്യത്തിനെന്ന പേരിൽ ജോലിസ്ഥലത്തുനിന്ന് യുവാവിനെ വിളിപ്പിക്കുകയായിരുന്നു.
എന്നാൽ അന്ന് വീട്ടിൽ നിന്ന് പോയ ശ്രേയസ് പിന്നീട് മടങ്ങിയെത്തിയില്ല. സംഭവത്തെ തുടർന്ന് ശ്രേയസിന്‍റെ അമ്മ ആശ യുവാവിനെ കാണാനില്ലെന്ന് രാമനഗര ജില്ലയിലെ കനകപുര ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവിന്‍റെ ഫോൺ കോളുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അതേസമയം അഭിഭാഷകനും കൂട്ടാളിയും യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന വിവരം പൊലീസിന് ലഭിച്ചു.
കേസിൽ ഇരുവർക്കുമെതിരെ 377ാം വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും യുവാവ് എവിടെയാണ് എന്നതിനെ കുറിച്ച് ഇവരിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീടാണ് ബ്രെയിൻ മാപ്പിംഗ് സംസ്ഥാനത്ത് ആദ്യമായി പരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചത്. പ്രതിയുടെ തലയിൽ സെൻസർ ഘടിപ്പിച്ച് കംപ്യൂട്ടർ സ്‌ക്രീനിനുമുന്നിൽ ഇരുത്തി കേസിലെ ചിത്രങ്ങളും എഴുത്തുകളും കാണിച്ച് അയാളുടെ തലച്ചോറിന്‍റെ ചലനങ്ങളും ചിന്തകളും അസ്വസ്ഥതയും നിരീക്ഷിക്കുന്ന സംവിധാനമാണ് ബ്രെയിൻ മാപ്പിംഗ്.
കേസിൽ പ്രതികൾ എന്ന് പൊലീസ് സംശയിച്ചിരുന്ന അഭിഭാഷകനിലും സുഹൃത്ത് അരുണിലും നടത്തിയ പരീക്ഷണത്തിൽ ഇരുവരും യുവാവിന് ഗുളിക നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കായലിൽ തള്ളുകയായിരുന്നുവെന്ന് വെളിപ്പെട്ടു. ഇതനുസരിച്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.
Discussion about this post