ഷിയോപൂർ ; നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നിന് വൃക്ക രോഗം ബാധിച്ചതായി വനം വകുപ്പ്. കുനോ നാഷണൽ പാർക്കിലെത്തിച്ച എട്ട് ചീറ്റകളിൽ ഷാഷ എന്ന പെൺചീറ്റയ്ക്കാണ് രോഗം ബാധിച്ചത്. ചീറ്റപ്പുലിക്ക് നിർജലീകരണം ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് മുഴുവൻ ചീറ്റകളെയും നിരീക്ഷിച്ച് വരികയാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) പ്രകാശ് കുമാർ വർമ അറിയിച്ചു.
ദിവസേനയുള്ള പരിശോധനയ്ക്കിടെയാണ് ഷാഷയുടെ ആരോഗ്യം മോശമായ നിലയിൽ കാണപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്ക രോഗം ബാധിച്ചതായി വ്യക്തമായി. തുടർന്ന് ഷാഷയെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഭോപ്പാലിൽ നിന്നുള്ള ഡോക്ടർമാരാണ് പുലിയെ പരിചരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഷാഷയ്ക്ക് ഭക്ഷണം നൽകിയെന്നും എന്നാൽ ചീറ്റയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും മികച്ച വൈദ്യ പരിശോധന ആവശ്യമാണെന്നും ഡിഎഫ്ഒ പറഞ്ഞു.
ചീറ്റയെ പരിശോധിക്കുന്നതിനായി ഭോപ്പാലിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാർ സ്ഥലത്തെത്തി. ഡോക്ടർമാർ കൊണ്ടുവന്ന പോർട്ടബിൾ മെഷീനുകൾ ഉപയോഗിച്ച് ഷാഷയെ സോണോഗ്രാഫി ടെസ്റ്റിന് വിധേയയാക്കിയെന്നും പരിശോധനയുടെ റിപ്പോർട്ട് പിന്നീട് നൽകുമെന്നും ഡിഎഫ്ഒ പറഞ്ഞു.
ചീറ്റകളെ നിരീക്ഷിക്കുന്നതിനായി രണ്ട് പ്രാദേശിക ഡോക്ടർമാരും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു ഡോക്ടറും കുനോ പാർക്കിലുണ്ട്. ഷാഷയ്ക്ക് വൃക്ക രോഗം സ്ഥിരീകരിച്ചതോടെ ഭോപ്പാലിലെ വാൻ വിഹാർ നാഷണൽ പാർക്കിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘവും ബുധനാഴ്ച പാർക്കിലെത്തിയിരുന്നു.
Discussion about this post