ശ്രീനഗർ: കശ്മീരിൽ 5ജി സേവനങ്ങൾ ആരംഭിച്ച് എയർടെൽ. ജമ്മുവിലും കശ്മീർ താഴ് വരയിലും ചില മേഖലകളിൽ 5 ജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയതായി എയർ ടെൽ അറിയിച്ചു.
ജമ്മുവിലെ സാംബ, കത്വ, ഉദംപൂർ, അഖ്‌നൂർ, ലഖാൻപൂർ, ഖോരെ എന്നിവിടങ്ങളിലും കശ്മീർ താഴ് വരയിലെ കുപ് വാരയിലുമാണ് 5 ജി സേവനങ്ങൾ തുടങ്ങിയത്. മേഖലയിൽ ആദ്യമായിട്ടാണ് 5 ജി എത്തുന്നത്. ഘട്ടം ഘട്ടമായിട്ടാകും ഉപയോക്താക്കൾക്ക് 5 ജി സേവനം എത്തുകയെന്ന് കമ്പനി അറിയിച്ചു. എയർടെല്ലിന്റെ ഹൈ സ്പീഡ് 5 ജി പ്ലസ് സേവനമാണ് ലഭിക്കുക.
നിലവിലെ 4 ജി സർവ്വീസിനെക്കാൾ 20 മുതൽ 30 മടങ്ങ് വരെ വേഗത്തിൽ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമാകുമെന്ന് കമ്പനിയുടെ ജമ്മു കശ്മീർ സിഇഒ ആദർശ് വർമൻ പറഞ്ഞു. മറ്റ് സ്ഥലങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഘട്ടം ഘട്ടമായി ഇത് എത്രയും വേഗം സാദ്ധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സ്ഥലങ്ങളിൽ സേവനം എത്തിക്കാനായി നെറ്റ് വർക്ക് ശൃംഖലകൾ സ്ഥാപിക്കുന്ന ജോലികൾ തുടരുകയാണ്. നെറ്റ് വർക്ക് വിപുലീകരണം പൂർത്തിയാകുന്നത് വരെ അധിക ചാർജ്ജ് നൽകാതെ തന്നെ കശ്മീരിലെ ഉപയോക്താക്കൾക്ക് 5 ജി സേവനങ്ങൾ നിലവിൽ ഉപയോഗിക്കാമെന്ന് എയർ ടെൽ അറിയിച്ചു.
Discussion about this post