തിരുവനന്തപുരം; ബിബിസി ഡോക്യുമെന്ററിയുടെ മറവിൽ ഗുജറാത്ത് കലാപം വീണ്ടും ചർച്ചയാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും രാഷ്ട്രീയ അജൻഡ തുറന്നുകാട്ടി ശശി തരൂർ എംപി. ഗുജറാത്ത് കലാപം ഇടയ്ക്കിടെ ചർച്ചയാക്കുന്നതുകൊണ്ട് പലർക്കും ഗുണമുണ്ടെന്ന് ശശി തരൂർ തുറന്നുപറഞ്ഞു.
ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വിറ്റർ പ്രതികരണത്തിലാണ് ശശി തരൂർ ഇക്കാര്യം തുറന്ന് സമ്മതിച്ചത്. തരൂരിന്റെ അഭിപ്രായം ദേശീയമാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതോടെ കോൺഗ്രസ് നേതൃത്വവും വിഷയത്തിൽ ഉത്തരം പറയേണ്ട സ്ഥിതിയിലാണ്.
ഗുജറാത്ത് ഇനി ചർച്ച ചെയ്യേണ്ടതില്ലെന്നും പഴയ കാര്യങ്ങൾ കഴിഞ്ഞുവെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. 20 വർഷം മുൻപുളള കാര്യങ്ങളാണ് ഇപ്പോൾ ഡോക്യുമെന്ററിയാക്കിയിരിക്കുന്നതെന്നും അതിനെ പർവ്വതീകരിക്കേണ്ട കാര്യമില്ലെന്നുമുളള ശശി തരൂരിന്റെ അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. ഇതിനോട് വിയോജിച്ച് ലഭിച്ച ട്വീറ്റിന് മറുപടി നൽകവേയാണ് ഗുജറാത്ത് കലാപം ചർച്ച ചെയ്യുന്നതുകൊണ്ട് പലർക്കും ഗുണമുണ്ടെന്ന് ശശി തരൂർ തുറന്നു പറഞ്ഞത്.
അല്ലെങ്കിൽ അടിയന്തിര പ്രാധാന്യമുളള മറ്റ് സമകാലിക വിഷയങ്ങൾ നിരവധിയുളളപ്പോൾ ഇക്കാര്യം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂർ തുറന്നു പറഞ്ഞു. ഗുജറാത്തിലെ മുറിവുകൾ പൂർണമായി ഉണങ്ങിയെന്ന് താൻ അഭിപ്രായപ്പെടുന്നില്ലെന്നും ശശി തരൂർ കുറിച്ചു. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സർക്കാർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്ന ശശി തരൂർ ഗുജറാത്ത് കലാപം മറക്കാൻ പറയുകയാണെന്നായിരുന്നു ട്വീറ്റ്. ഇതിനാണ് തരൂർ മറുപടി നൽകിയത്.
Discussion about this post