വാഷിംഗ്ടൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്യുമെന്ന് അമേരിക്കൻ വ്യോമസേന ജനറലിന്റെ വെളിപ്പെടുത്തൽ. ജനറൽ മൈക്ക് മിനിഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. യു എസ് എയർ മൊബിലിറ്റി കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് തന്റെ നിരീക്ഷണം മിനിഹൻ വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങളുടെ പ്രദേശമാണെന്ന് ആവർത്തിച്ച് ചൈന തായ്വാന് മേൽ കടന്നുകയറ്റങ്ങൾ തുടരുകയാണ്. അമേരിക്ക ഇതിനെ ശക്തമായി അപലപിച്ച് രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ, അമേരിക്കൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ റഷ്യയോട് ചൈന പുലർത്തുന്ന അതിരുകവിഞ്ഞ പ്രോത്സാഹന മനോഭാവവും അമേരിക്കയും യൂറോപ്യൻ യൂണിയനും കരുതലോടെയാണ് വീക്ഷിക്കുന്നത്. 2024ൽ തായ്വാനിൽ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാതിരിക്കാൻ ആവശ്യമെങ്കിൽ തങ്ങൾ ഇടപെടുമെന്ന് അമേരിക്ക നേരത്തേ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിച്ചാൽ അമേരിക്ക ഇടപെടുമെന്നാണ് സാരം. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിലേക്ക് നയിക്കും എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ ഭയപ്പെടുന്നു.
എന്നാൽ ജനറൽ മൈക്ക് മിനിഹന്റെ വെളിപ്പെടുത്തൽ പെന്റഗൺ സ്ഥിരീകരിക്കാൻ തയ്യാറാകുന്നില്ല. മിനിഹൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം എന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നത്.











