കൂട്ടുകാരുമൊത്ത് ഒളിച്ച് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയ 15 കാരൻ മറ്റൊരു രാജ്യത്തെത്തി. ബംഗ്ലാദേശ് സ്വദേശിയായ ഫാഹിമാണ് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയത്. ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോൾ കുട്ടി മലേഷ്യയിലായിരുന്നു.
ജനുവരി 11 -ന് ചിറ്റഗോംഗിലെ പോർട്ട് സിറ്റിയിലാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ ഒളിക്കാൻ വേണ്ടിയാണ് 15 കാരൻ കണ്ടെയ്‌നറിനുള്ളിൽ കയറിയത്. മലേഷ്യയിലേക്കുള്ള സാധനങ്ങൾ കയറ്റിവെച്ച കണ്ടെയ്‌നറാണ് അതെന്ന് അവന് മനസിലായില്ല.
തുടർന്ന് കണ്ടെയ്‌നറിനുള്ളിൽ വെച്ച് കുട്ടി ഉറങ്ങിപ്പോയി. മണിക്കൂറുകൾക്ക് ശേഷം എഴുന്നേറ്റപ്പോഴാണ് താൻ കണ്ടെയ്‌നറിൽ പെട്ട് പോയ വിവരം കുട്ടി അറിയുന്നത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെയ്‌നർ തുറപ്പോഴാണ് മലേഷ്യയിലാണ് താനെന്ന് മനസിലായത്.
ഭക്ഷണമില്ലാതെ നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു വിദ്യാർത്ഥി. 2300 കിലോമീറ്റർ യാത്ര അവന്റെ ആരോഗ്യത്തെ ഇല്ലാതാക്കി. കണ്ടെയ്‌നറിനുള്ളിൽ നിന്ന് രക്ഷപ്പെടുത്തുമ്പോൾ കുട്ടിക്ക് പനിയും ക്ഷീണവും ഉണ്ടായിരുന്നതായും വിദഗ്ധർ പറയുന്നു.












