ശ്രീനഗർ: ഭാരത് ജോഡോ യാത്രയ്ക്കിടെ പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് കളിച്ചുല്ലസിച്ച് വയനാട് എംപി രാഹുൽ ഗാന്ധിയും പ്രിയങ്കയും. സമാപന സമ്മേളനത്തിന് മുൻപ് ക്യാമ്പ് സൈറ്റിലായിരുന്നു ഇരുവരും മഞ്ഞിൽ കളിച്ചത്.
‘സന്തോഷത്തിന്റെ മഞ്ഞ്,ശ്രീനഗറിലെ ഭാരത് ജോഡോ യാത്ര ക്യാമ്പ് സൈറ്റിലെ മനോഹരമായ ഒരു പ്രഭാതം എന്ന കുറിപ്പോടെ ഇരുവരും മഞ്ഞിൽ ആഘോഷിക്കുന്ന വീഡിയോ രാഹുൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇരുവരുമെന്ന് കമന്റുകൾ നിറയുന്നുണ്ട്.
വീഡിയോയിൽ മഞ്ഞ് വാരി പിറകിലൊളിപ്പിച്ച് ഓടിയെത്തുന്ന രാഹുൽ, അത് പ്രിയങ്കയുടെ തലയിൽ എറിയുന്നതും, ഇത് കണ്ട് സഹപ്രവർത്തകർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. രാഹുലിനെ തിരിച്ച് മഞ്ഞിൽ കുളിപ്പിക്കുന്ന പ്രിയങ്കയും ഇരുവരും കെട്ടിപ്പിടിക്കുന്നതും ആഘോഷപൂർവ്വം പ്രവർത്തകർ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്. മഞ്ഞുകട്ടയിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാലിനെയും രാഹുൽ ഗാന്ധി വെറുതെ വിട്ടില്ല. രാഹുൽ ഗാന്ധി കെസിയുടെ തലയിൽ മഞ്ഞ് വാരിയിടുകയായിരുന്നു.
അതേസമയം ഭാരത് ജോഡോ യാത്ര സമാപിച്ചു. ശ്രീനഗറിലെ കോൺഗ്രസ് ഓഫിസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പതാക ഉയർത്തിയാണ് സമാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ജമ്മു കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാറാലിയിൽ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുത്തു. സിപിഎം വിട്ടുനിന്നു. സിപിഐയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ഡി.രാജ ചടങ്ങിൽ പങ്കെടുത്തു.








