യുഎഇ: ഇസ്ലാമാബാദ് സന്ദർശനം റദ്ദാക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മോശം കാലാവസ്ഥയെ തുടർന്നാണ് ഏകദിന സന്ദർശനം റദ്ദാക്കിയതെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി.
ഗർഫ് രാജ്യങ്ങളും പാകിസ്താനും തമ്മിലുള്ള സൗഹൃദവും സഹകരണവും വിവിധ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള ചർച്ച നടത്തുന്നതിനായിട്ടാണ് യുഎഇ പ്രസിഡന്റ് ഇസ്ലാമാബാദ് സന്ദർശനം നടത്താൻ തീരുമാനിച്ചത്.
വിദേശരാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി ഈ മാസം 25 ന് യുഎഇ പ്രസിഡന്റ് പാകിസ്താനിലെത്തിയിരുന്നു. തുടർന്ന് പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാനിലെത്തിയ ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഉഭയകക്ഷി ചർച്ച നടത്തി. തുടർന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദ് സന്ദർശിക്കാനിരിക്കെയാണ് ഈ പിന്മാറ്റം.
അതേസമയം പാകിസ്താനിലെ പെഷാവറിൽ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. മരിച്ചവരിൽ രണ്ട് പോലീസുകാരും ഉണ്ടെന്നാണ് വിവരം. സ്ഫോടനത്തിൽ 147 ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ 10 ലധികം പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പോലീസ് ലൈനിലുള്ള പള്ളിയിൽ പ്രാദേശികസമയം 1.40ന് പ്രാർത്ഥനയ്ക്കിടെയായിരുന്നു സ്ഫോടനം. വിശ്വാസികളുടെ മുൻനിരയിൽ ഇരുന്നയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം.
Discussion about this post