ന്യൂഡൽഹി : കേരളത്തിന് ഈ വർഷം 1,000 ഇലക്ട്രിക് ബസുകൾ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വാടക അടിസ്ഥാനത്തിലും സൗജന്യമായും കേന്ദ്രസർക്കാർ നൽകുന്ന ബസുകൾ, ഡീസൽ ബസുകൾ ഉപേക്ഷിക്കാനുള്ള കെഎസ്ആർടിസി നടപടിക്ക് ഒരു മുതൽക്കൂട്ടാകും. ഊർജമന്ത്രാലയത്തിന്റെ നാഷണൽ ബസ് പ്രോഗ്രാം വഴിയാണ് ബസ് വിതരണം ചെയ്യുന്നത്.
സിറ്റി സർവ്വീസിന് ഉപയോഗിക്കാൻ സാധിക്കുന്ന 250 ബസുകൾ പൂർണ്ണമായും സൗജന്യമായാണ് നൽകുക. ഒരു തവണ ചാർജ്ജ് ചെയ്താൽ ഇവ 300 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. ദീർഘദൂര സർവ്വീസിന് ഉപയോഗിക്കാൻ സാധിക്കുന്ന 750 ബസുകൾ ലീസ് വ്യവസ്ഥയിൽ വാടകയ്ക്കും കേന്ദ്രം നൽകും. ദീർഘദൂര സർവ്വീസിന് ഉപയോഗിക്കുന്ന ബസുകൾ ഒരു തവണ ചാർജ്ജ് ചെയ്താൽ 400 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. കേന്ദ്ര നഗരകാര്യ വകുപ്പിന്റെ ഓഗ്മെന്റേഷൻ ഓഫ് സിറ്റി ബസ് സർവീസ് പദ്ധതിയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്നത്.
സിറ്റി സർവ്വീസിന് ഉപയോഗിക്കുന്ന ബസിന് 70 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ് വില വരുന്നത്. ദീർഘദൂര സർവ്വീസ് ബസിന് 1 കോടി മുതൽ 1.3 കോടി രൂപ വരെ വില വരും. വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ പൂർണ്ണമായും ഒഴിവാകുന്നതോടൊപ്പം, ഇതിലൂടെ സാമ്പത്തിക ലാഭം ഉണ്ടാകുകയും ചെയ്യാമെന്നാണ് വിലയിരുത്തൽ.
Discussion about this post