ന്യൂഡൽഹി : പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപന പ്രസംഗം നടത്തും. നാളെ ലോക്‌സഭയിൽ നിർമല സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും.
രാഷ്ട്രപതിയായി അധികാരമേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്റെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി ഇന്ന് സാമ്പത്തിക സർവ്വേ പുറത്തുവിടും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച വ്യാഴാഴ്ച ഇരു സഭകളിലും ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾക്ക് മറുപടി നൽകും. നന്ദിപ്രമേയം പരിഗണിച്ച ശേഷമാണ് ബജറ്റ് ചർച്ച.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യ ഘട്ടം ഇന്ന് ആരംഭിച്ച് അടുത്ത മാസം 14 ന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് 14 മുതൽ ഏപ്രിൽ 6 വരെയാണ്.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ തിങ്കളാഴ്ച സർവകക്ഷിയോഗം ചേർന്നിരുന്നു. പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ചേർന്ന യോഗത്തിൽ ലോക്സഭാ ഉപനേതാവ് രാജ്നാഥ് സിംഗ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, സഭാ കക്ഷി നേതാവ് പീയുഷ് ഗോയൽ, സഹമന്ത്രിമാരായ അർജുന, രാം മെഗ്വാൾ, വി. മുരളീധരൻ തുടങ്ങിയ ഭരണകക്ഷി നേതാക്കൾ പങ്കെടുത്തു.
Discussion about this post