ന്യൂഡൽഹി: ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി അംഗീകരിച്ച കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ രാജ്യത്തിന്റെ ഇനിയുള്ള ശോഭനമായ ഭവിയ്ക്ക് കേന്ദ്രസർക്കാരിന്റെ പൊതുബജറ്റ് ഏറെ പ്രധാന്യമുള്ളതാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ.
കേന്ദ്രമന്ത്രിയുടെ 5 ാമത്തെ പൊതുബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഇതോടെ തനിക്ക് സ്വന്തമായിട്ടുള്ള നേട്ടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ബജറ്റ് റെക്കോർഡ് കൂടി കൂട്ടി ചേർത്തിരിക്കുകയാണ് കേന്ദ്രമന്ത്രി. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോർഡാണ് ഇന്നത്തെ പൊതുബജറ്റിലൂടെ നിർമ്മലാ സീതാരാമൻ സ്വന്തം പേരിലാക്കിയത്. മുൻപ് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന പൊതുബജറ്റ്, ആശങ്കകളോ താത്പര്യക്കുറവോ ഇല്ലാതെ ബിജെപി സർക്കാർ നിർമ്മലാ സീതാരാമൻ എന്ന വനിതയുടെ കൈവശം ഏൽപ്പിക്കുകയായിരുന്നു.
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന നേട്ടം മാത്രമല്ല, നിർമ്മലാ സീതാരാമന് ബജറ്റുമായി ബന്ധപ്പെട്ടുള്ളത്. 2019 ൽ തന്റെ ആദ്യ ബജറ്റ് അവതരണത്തിൽ തന്നെ തുകൽ കൊണ്ടുള്ള ബ്രീഫ് കേസിൽ ബജറ്റ് രേഖകൾ കൊണ്ടുപോകുന്ന പതിവ് അവർ മാറ്റി. ദേശീയ ചിഹ്നം പതിച്ച ചുവന്ന പട്ട് ബാഗിലാണ് അവർ ബജറ്റ് രേഖകൾ കൊണ്ടുവരാറുള്ളത്. കൊളോണിയൽ പാരമ്പര്യത്തിൽ നിന്ന് മുക്തി നേടാനുള്ള സുപ്രധാനമായ നീക്കമായി ഇത് വിലയിരുത്തപ്പെട്ടു. ബ്രിട്ടീഷ് രീതിയായിരുന്ന ബ്രീഫ് കേസിൽ നിന്ന് ‘ബഹി -ഖാത’ അഥവാ ചുവന്ന പട്ടിൽ പൊതിഞ്ഞ തുണിയിലേക്കുള്ള തീരുമാനത്തെ,”ബ്രിട്ടീഷ് ഹാംഗ് ഓവറിൽ നിന്ന് നമ്മൾ സ്വയം എന്തെങ്കിലും ചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതി. നന്നായി, എനിക്കും കൊണ്ടുപോകാൻ എളുപ്പമാണ്ട” എന്നാണ് നിർമ്മലാ സീതാരാമൻ പറഞ്ഞത്.
മറ്റൊന്ന് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയെന്ന റെക്കോർഡാണ് കേന്ദ്രമന്ത്രിയ്ക്ക് സ്വന്തമായിട്ടുള്ളത്. 2020 ഫെബ്രുവരി 1 ന്, 2020-21 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ അവർ 162 മിനിറ്റ് സംസാരിച്ചു. ഇതിലൂടെ മുൻ ബജറ്റിലെ 137 മിനിറ്റ് എന്ന സ്വന്തം റെക്കോർഡ് തിരുത്തിയെഴുതി. നിർമ്മലാ സീതാരാമന് മുമ്പ്, 2003 ൽ 135 മിനിറ്റ് സംസാരിച്ച അന്നത്തെ കേന്ദ്രധനമന്ത്രിയായിരുന്ന ജസ്വന്ത് സിംഗിന് ആയിരുന്നു ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ്.
2021 ലെ കൊറോണ കാലത്ത് ശാരീരിക സമ്പർക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ചും നിർമ്മലാ സീതാരാമൻ നേട്ടം കൊയ്തു. 2021-2022 ലെ ബജറ്റ് അവർ ഡിജിറ്റൽ ഫോർമാറ്റിലാണ് കൊണ്ടുവന്നത്. ഡിജിറ്റൽ ടാബ്ലെറ്റ് ഉപയോഗിച്ചാണ് ധനമന്ത്രി പാർലമെന്റിൽ ബജറ്റ് പ്രസംഗം വായിച്ചത്. പ്രസംഗം പൂർത്തിയായപ്പോൾ ബജറ്റ് രേഖകൾ മൊബൈൽ ആപ്പുകൾ വഴി ലഭ്യമാക്കി. 2022ലും കേന്ദ്രമന്ത്രി കടലാസ് രഹിത ബജറ്റുകൾ ഉപയോഗിക്കുന്ന പതിവ് തുടർന്നു.
Discussion about this post