ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആഗോള തലത്തിൽ രാജ്യത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി ജി20 പ്രസിഡൻസി മികച്ച അവസരമാണ് നൽകിയിരിക്കുന്നത്. ആഗോള വെല്ലുവിളികളെ നേരിടുന്നതിനും സുസ്ഥിര സാമ്പത്തിക വികസനത്തിനും വേണ്ടി ജനങ്ങളെ കേന്ദ്രീകരിച്ചുള്ള അജണ്ടയാണ് കേന്ദ്രം നടപ്പിലാക്കുന്നത് എന്നും ബജറ്റ് അവതരണത്തിൽ നിർമല സീതാരാമൻ പറഞ്ഞു.
സാമ്പത്തിക വളർച്ചയിൽ ഇന്ത്യ പത്താം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഉണ്ടായ മാറ്റമാണിത്. സമ്പദ്വ്യവസ്ഥയിലുള്ള മുന്നേറ്റവും പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതും ഈ വികസനത്തിന് മുതൽക്കൂട്ടായി.
യുവാക്കൾക്ക്് അവസരങ്ങൾ സുഗമമാക്കുക, സാമ്പത്തികവളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശക്തമായ പ്രചോദനം നൽകുക, മാക്രോ ഇക്കണോമിക് സ്ഥിരത ശക്തിപ്പെടുത്തുക എന്നിവയിലാണ് കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ രാജ്യത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനും സാമ്പത്തിക മേഖലയിലെ മാറ്റിമറിക്കാനും സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായിട്ടാണ് ലോകമിന്ന് കാണുന്നത്. ഈ വർഷം ഏഴ് ശതമാനം വളർച്ചയാണ് സാമ്പത്തിക മേഖലയിൽ നാം പ്രതീക്ഷിക്കുന്നത്. കൊറോണ മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് മുന്നിൽ ലോകം മുട്ടുകുത്തുമ്പോൾ, ഇന്ത്യ മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post