ന്യൂഡൽഹി: ഇത്തവണത്തെ പൊതുബജറ്റിൽ പാൻ കാർഡുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി. പാൻകാർഡും ഇനി മുതൽ തിരിച്ചറിയൽ രേഖയായി പരിഗണിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ ഏജൻസികൾ തിരിച്ചറിയൽ രേഖയായി പാൻകാർഡ് പരിഗണിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇത് നികുതി വെട്ടിപ്പ് ട്രാക്ക് ചെയ്യാനും നികുതി സർക്കാരിലേക്ക് കൃത്യമായി എത്താനും സഹായകമായി മാറും.
എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പാൻകാർഡ് ബിസിനസ് ഐഡന്റിഫയറായി മാറും. വിവിധ സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ നികുതിദായകന്റെ വ്യക്തിവിവരങ്ങൾ പങ്കിടുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിത്, ഇത് മികച്ച നികുതി ശേഖരണത്തിനും വ്യവസായ മേഖലയിലെ നടപടികളെ എളുപ്പമാക്കാനും സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തെ ഉദ്ധരിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഇടത്തരം വരുമാനക്കാർക്കായി കേന്ദ്രമന്ത്രി ആശ്വാസ പ്രഖ്യാപനം നടത്തി. ആദായനികുതി ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയർത്തി. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീം പ്രകാരമുള്ളവർക്ക് മാത്രമാണ് ഇത് ബാധകമാകുക.
മൂന്നു ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതൽ 9 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി. ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമായിരിക്കും പുതിയ നികുതി.
Discussion about this post