ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഓർമ്മയ്ക്കായി കടലിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾ ആരോപിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് നടത്താനിരുന്ന തെളിവെടുപ്പും ഈ കാരണങ്ങൾ ഉന്നയിച്ച് ജനങ്ങൾ തടഞ്ഞു.
മറീനയിൽ കടൽക്കരയിൽ നിന്ന് 36 മീറ്റർ കടലിലേക്ക് തള്ളി സ്മാരകം നിർമ്മിക്കാനാണ് നീക്കം. കരുണാനിധിയുടെ രചനാവൈഭവത്തെ പ്രതീകാത്മകമായി ചിത്രീകരിച്ച് പേനയുടെ രൂപത്തിൽ സ്മാരകം നിർമ്മിക്കാനാണ് ഒരുങ്ങുന്നത്. 137 അടി ഉയരത്തിൽ മാർബിളിൽ തീർത്ത പേനയാണ് സ്മാരകത്തിന്റെ പ്രധാനഭാഗം. പദ്ധതിക്ക് അനുമതി ലഭിച്ചതോടെ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ തെളിവെടുപ്പ് നടത്താൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മലിനീകരണ നിയന്ത്രണ ബോർഡ് മറീനയിലെത്തിയത്.
എന്നാൽ ഇത്തരമൊരു പ്രതിമ കടലിൽ സ്ഥാപിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് വലിയൊരു വിഭാഗം തെളിവെടുപ്പ് തടസ്സപ്പെടുത്തുകയായിരുന്നു. സ്മാരകം കടലിൽ സ്ഥാപിച്ചാൽ ഇടിച്ച് കളയുമെന്ന് നാം തമിഴർ പാർട്ടി നേതാവ് സീമാൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ തെളിവെടുപ്പ് ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അടുത്ത ദിവസം വീണ്ടും തെളിവെടുപ്പ് നടത്താനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനം.
Discussion about this post