മലപ്പുറം: 80 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി കോടൂർ വീട്ടിൽ മുഹമ്മദ് റിജാസ് എന്ന കല്ലു റിജാസ്(25), പാലക്കുറ്റി അമിയംപൊയിൽ മുഹമ്മദ് മുസമ്മിൽ(24) എന്നിവരാണ് പിടിയിലായത്. അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയുമാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.
അഞ്ച് മാസം മുൻപാണ് 80 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായി ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. റിജാസും മുസമ്മിലും കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്.
നൈജീരിയൻ സ്വദേശിയിൽ നിന്നും നേരിട്ട് ലഹരി മരുന്ന് വാങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ മുഹമ്മദ് റിജാസിന്റെ കീഴിൽ വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. നിലവിൽ കേരളത്തിലും കർണാടകയിലുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അഞ്ചോളം കേസുകളിൽ ഇവർ പ്രതികളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.
Discussion about this post