കശ്മീർ: വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ പ്രദേശത്ത് കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളേയും രക്ഷപെടുത്തി. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പോളണ്ടിൽ നിന്ന് സ്‌കീയിങ്ങിനെത്തിയ വിനോദസഞ്ചാരികളാണ് മരിച്ചത്. 19 പേരെയാണ് ദൗത്യസംഘം രക്ഷപെടുത്തിയത്. ക്രിസ്‌തോഫ്, ആദം ഗ്രെസെച്ച് എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. 21 വിദേശികളും രണ്ട് ഗൈഡുകളും ഉൾപ്പെടെയുള്ള സംഘം മൂന്നായി തിരിഞ്ഞാണ് അഫർഫത്ത് കൊടുമുടിയിലെ ഹപത്ഖുദ് കോങ്‌ദോറിയിൽ സ്‌കീയിങ് നടത്തിയത്.
ഇതിനിടെ 20 അടിയോളം ഉയരത്തിലുള്ള മഞ്ഞുമല വിനോദ സഞ്ചാരികളുടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ദിപ്പൂർ, ബാരാമുള്ള, ഗന്ദർബാൽ, കുപ്വാര, കുൽഗാം, പൂഞ്ച്, റിയാസി ജില്ലകളിൽ ഹിമപാതത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ രണ്ട് മാസത്തിനിടെ താഴ്വരയിലെ അഞ്ചാമത്തെ ഹിമപാതമാണ് കഴിഞ്ഞ ദിവസമുണ്ടായത്. സോൻമാർഗിൽ ഉണ്ടായ ഹിമപാതത്തൽ ടണലിൽ ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അപകട ദൃശ്യങ്ങളക്കം നേരത്തെ പുറത്ത് വന്നിരുന്നു.
Discussion about this post