ന്യൂഡൽഹി: വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാട് വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും പുലർത്തുമെന്ന് ആവർത്തിച്ച് ഭാരതം. ഇത്തവണ കേന്ദ്ര ബജറ്റിൽ അയൽരാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത് 5408 കോടി രൂപയാണ്. ഭൂട്ടാൻ ആണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ.
അയൽക്കാർ ആദ്യം എന്ന നരേന്ദ്രമോദി സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത്. 2400 കോടി രൂപയുടെ സഹായമാണ് ഭൂട്ടാന് ലഭിക്കുക. തുകയുടെ 41.04 ശതമാനം വരുമിത്. 400 കോടി രൂപ മാലിദ്വീപിനും അനുവദിച്ചിട്ടുണ്ട്.
താലിബാൻ അധികാരമേറ്റതോടെ അഫ്ഗാനുമായുളള ബന്ധം പൂർണതോതിൽ ഇന്ത്യ പുനരാരംഭിച്ചിട്ടില്ല. എന്നാൽ അഫ്ഗാനിലെ ജനങ്ങൾക്ക് വേണ്ടിയുളള വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 200 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നേപ്പാളിൽ 550 കോടി രൂപയുടെയും മൗറീഷ്യസിൽ 460 കോടി രൂപയുടെയും മ്യാൻമറിൽ 400 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾക്കാണ് ബജറ്റിൽ തുക അനുവദിച്ചിരിക്കുന്നത്.
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് 150 കോടി രൂപ ലഭിക്കും. ആഫ്രിക്കൻ രാജ്യങ്ങൾക്കായി 250 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
18,050 കോടി രൂപയാണ് വിദേശകാര്യമന്ത്രാലയത്തിനായി ബജറ്റിൽ നീക്കിവെച്ചത്. കഴിഞ്ഞ തവണത്തേതിലും 4.64 ശതമാനം വർദ്ധനയുണ്ട്. 17,250 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം അനുവദിച്ചത്.
Discussion about this post