അഗർത്തല: ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തർക്കത്തിലിരുന്ന സീറ്റുകളിൽ മനസില്ലാ മനസോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസും ഇടത് പാർട്ടികളും. അധികമായി പത്രികകൾ നൽകിയിരുന്ന സീറ്റുകളിൽ നിന്ന് ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ പിൻവലിച്ചു.
നീക്കുപോക്കിനൊടുവിൽ കോൺഗ്രസിന് 13 സീറ്റുകളാണ് ലഭിച്ചത്. 47 സീറ്റുകളിൽ ഇടത് മുന്നണി
മത്സരിക്കും. കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെ സീറ്റ് വിഭജനം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ കോൺഗ്രസിനായി നീക്കിവെച്ചിരുന്ന 13 സീറ്റുകളിലും ഇടത് സ്ഥാനാർത്ഥികൾ പത്രിക നൽകുകയും ചെയ്തു. ഇതോടെയാണ് തർക്കം രൂക്ഷമായത്.
ഇന്നലെ രാത്രി നടന്ന ചർച്ചകൾക്കൊടുവിൽ അധിക സീറ്റുകളിൽ നിന്ന സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ഇരുകൂട്ടരും ധാരണയാകുകയായിരുന്നു. ഇടത് മുന്നണിയുടെ സീറ്റുകളിൽ പത്രിക നൽകിയ കോൺഗ്രസ് സ്ഥാനാർത്ഥികളും പിൻമാറിയിട്ടുണ്ട്.
കോൺഗ്രസ് ഉത്തരവാദിത്വത്തോടെയുളള ചുമതലകൾ നിർവ്വഹിച്ചതായും തുടക്കത്തിലേ തർക്കം പരിഹരിച്ചതിൽ പ്രതീക്ഷയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.
Discussion about this post