ഇസ്ലാമാബാദ്: കാബൂളിലെ പെഷവാർ മസ്ജിദ് സ്‌ഫോടനത്തിന്റെ കാരണക്കാർ അഫ്ഗാനിസ്ഥാനാണെന്ന് കുറ്റപ്പെടുത്തിയ പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ. സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരുടെ മേൽ കുറ്റം ചാരേണ്ടതില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ മുത്തഖി പറഞ്ഞു. തങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം പെഷവാർ ആക്രമണത്തെക്കുറിച്ച് ആദ്യം വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പാകിസ്താനോട് അദ്ദേഹം ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാൻ ഭീകരതയുടെ കേന്ദ്രമായിരുന്നെങ്കിൽ അത് ചൈനയിലേക്കും മധ്യേഷ്യയിലേക്കും ഇറാനിലേക്കുമെല്ലാം നീണ്ടു പോകുമായിരുന്നു. പാകിസ്താനിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അവിടുത്തെ അവിടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വിദ്വേഷം ഉണ്ടാക്കുന്ന കൂടുതൽ പ്രസ്താവനകളിൽ നിന്ന് പാകിസ്താനിലെ നേതാക്കൾ വിട്ടു നിൽക്കണം. യുദ്ധങ്ങളും ബോംബ് സ്‌ഫോടനങ്ങളുമെല്ലാം ഈ രാജ്യത്തും നടക്കാറുണ്ട്. എന്നാൽ ഒരു പള്ളി തകർത്ത് നൂറ് കണക്കിന് ആളുകളെ കൊന്നൊടുക്കുക എന്ന കാര്യം കഴിഞ്ഞ 20 വർഷത്തിനിടെ ഒരിക്കൽ പോലും അഫ്ഗാനിൽ സംഭവിച്ചിട്ടില്ലെന്നും” മുത്തഖി അവകാശപ്പെട്ടു.
കഴിഞ്ഞ മാസം അവസാനം പെഷവാർ പോലീസ് ലൈൻസ് ഏരിയയിലെ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 101 പേരാണ് കൊല്ലപ്പെട്ടത്. സ്ഫാടനത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രിക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് പാകിസ്താൻ ആരോപിച്ചത്. അഫ്ഗാനിസ്ഥാനാണ് ആക്രമണത്തിന്റെ ഉറവിടം എന്നും പാക് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post