ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ. ആക്രമണം ഉണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി തെഹരീക് ഇ താലിബാൻ പാകിസ്താൻ രംഗത്ത് എത്തത്. കഴിഞ്ഞ ആഴ്ച പെഷവാറിലെ മസ്ജിദിൽ ഉണ്ടായ ചാവേർ ആക്രമണത്തിന് പിന്നിലും താലിബാൻ ആണ്.
പോലീസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. ക്വറ്റയിലെ പോലീസ് ആസ്ഥാനത്തോട് ചേർന്നുള്ള പോലീസ് ലൈനിലെ ചെക്‌പോയിന്റിന് സമീപം ആയിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്. ഇതിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഞായറാഴ്ച രാവിലെയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.
അതേസമയം സ്‌ഫോടനത്തിന് പിന്നാലെ ക്വറ്റയിൽ നടക്കാനിരുന്ന പിഎസ്എൽ (പാകിസ്താൻ ക്രിക്കറ്റ് ലീഗ്) മാറ്റിവച്ചു. സ്‌ഫോടനം നടക്കുമ്പോൾ ക്യാപ്റ്റൻ ബാബർ അസമുൾപ്പെടെയുള്ള താരങ്ങൾ ഗ്രൗണ്ടിൽ പരിശീലനത്തിലായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post