കൊച്ചി : ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബ്രാന്റ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ക്ലബ്ബ് പത്രത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
സഞ്ജു ഒരു ദേശീയ പ്രതീകമാണ്. അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സ്‌പോർട്‌സിലൂടെ ദശലക്ഷക്കണക്കിന് ആരാധകർക്ക് വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണിത്. ക്ലബ്ബിന്റെ നിരവധി സംരംഭങ്ങൾ, ആരാധകരുടെ ഇവന്റുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് സഞ്ജുവിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://twitter.com/KeralaBlasters/status/1622580874993893381
താൻ എന്നും ഒരു ഫുട്‌ബോൾ ആരാധകനായിരുന്നുവെന്ന് സഞ്ജു സാംസൺ പറഞ്ഞു. അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്‌ബോൾ താരമായത് കൊണ്ട് തന്നെ ഫുട്‌ബോൾ എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു വിനോദമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അംബാസഡർ ആകുന്നതിൽ അഭിമാനമുണ്ട്. ഫുട്‌ബോളിന്റെ മഹത്വം ഈ നിലയിലേക്ക് എത്തിക്കാൻ ക്ലബ്ബ് വളരെയധികം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അതിലൂടെ ഏറ്റവും വിശ്വസ്ഥരായ ചുറുചുറുക്കുള്ള ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചു.
കലൂർ സ്റ്റേഡിയത്തിൽ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും വേണ്ടിയാണ് കാത്തിരിക്കുന്നത്. ആരാധകരിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് സ്‌പോർട്‌സ് എന്നും ഇത് വളർത്തിയെടുക്കാൻ ക്ലബ്ബിനോടൊപ്പം ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്നും സഞ്ജു പറഞ്ഞു.
Discussion about this post