ശ്രീനഗർ: കശ്മീരിലെ ഉദംപൂർ ജില്ലയിൽ മൂന്ന് കിലോമീറ്റർ വരുന്ന ഒരു റോഡിന്റെ നിർമാണം ഗ്രാമവാസികൾക്ക് ആഘോഷമാകുകയാണ്. പതിറ്റാണ്ടുകളായി അവർ സ്വപ്‌നം കണ്ടിരുന്ന പാതയാണ് കേന്ദ്രസർക്കാരിന്റെ വികസന പദ്ധതിയിലൂടെ പൂർത്തിയാകുന്നത്.
തനോവ പഞ്ചായത്തിലെ ഖുബാനി, ടർമാര വില്ലേജുകൾക്കിടയിലാണ് റോഡ്. തനോവയിലെ നാല് വാർഡുകളിലും പരിസരങ്ങളിലുമുളള ഏകദേശം 2000 ത്തോളം പേർക്ക് റോഡ് പ്രയോജനം ചെയ്യും. 6.39 കോടി രൂപയാണ് റോഡിന്റെ നിർമാണത്തിനായി അനുവദിച്ചിട്ടുളളത്.
നാൽപത് വർഷത്തിലധികമായി പ്രദേശവാസികൾ ഈ റോഡിന് വേണ്ടി ശ്രമം തുടങ്ങിയിട്ട്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രസർക്കാരിനോടും ഇവർ നിറഞ്ഞ നന്ദി പറയുന്നു. ഇനി തങ്ങളുടെ യാത്രയും ജോലിയുമൊക്കെ എളുപ്പമാകുമെന്ന് നാട്ടുകാർ പറഞ്ഞു. മലയോര മേഖല കൂടിയായ ഇവിടേക്ക് എത്തിപ്പെടാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
നബാർഡ് ആണ് പദ്ധതിക്കായി ഫണ്ട് നൽകുന്നത്. പ്രദേശങ്ങൾ തമ്മിലുളള കണക്ടിവിറ്റി മെച്ചപ്പെടുത്താൻ പുതിയ പാത സഹായിക്കുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു.
Discussion about this post