മലപ്പുറം; മലപ്പുറത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐ ശ്രമം. മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്ര മുറ്റത്താണ് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐക്കാർ ശ്രമിച്ചത്. ഇരുപതിലധികം സ്വയം സേവകർ പങ്കെടുത്ത രാത്രിശാഖ നടക്കുന്നതിനിടെ ആയിരുന്നു പ്രകോപനം.
വീഡിയോ കാണാം
പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. ശാഖ നടക്കുന്നതിന് തൊട്ടടുത്തേക്ക് കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാർ ശാഖയിൽ പ്രാർത്ഥന ചൊല്ലി പിരിയുന്നതുവരെ അവിടെ കൂടിനിന്ന് മുദ്രാവാക്യം വിളിച്ച് മടങ്ങി. ഇടയ്ക്ക് പ്രകോപനമുദ്രാവാക്യവും ഉയർന്നെങ്കിലും സ്വയംസേവകർ കുലുങ്ങിയില്ല. ശാഖ പിരിഞ്ഞ ശേഷവും അൽപനേരം കൂടി മുതിർന്ന സ്വയം സേവകർ ഉൾപ്പെടെ അവിടെ തുടർന്നു. അപ്പോഴും ഡിവൈഎഫ്‌ഐക്കാർ അവിടെ നിന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
ക്ഷേത്ര പരിസരത്ത് ശാഖ നടത്തിയതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. പ്രതിഷേധം സൂചനയാണെന്നും സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ കൈയ്യും കാലും വെട്ടിക്കൂട്ടി കാക്കാത്തോട്ടിൽ തളളുമെന്നും അടിച്ചൊടിക്കുമെന്നുമൊക്കെ മുദ്രാവാക്യം വിളിച്ചുനോക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല.
കൊലവിളി മുദ്രാവാക്യവുമായി പരമാവധി പ്രകോപനം ഉണ്ടാക്കാനായിരുന്നു ഡിവൈഎഫ്‌ഐയുടെ ശ്രമം. അമ്പലം വിശ്വാസികളുടെ സ്വത്താണെന്നും അതാരും പ്രൈവറ്റ് പ്രോപ്പർട്ടിയാക്കി കൈയ്യടക്കി വെയ്ക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ നേതാവിന്റെ വിശദീകരണം. പോലീസ് പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും ആർഎസ്എസ് ശാഖ നടക്കുകയാണേൽ ഞങ്ങൾ നാളെ മുതൽ ഇവിടെ എന്ത് ചെയ്യുമെന്നായിരുന്നു ചില നേതാക്കളുടെ ചോദ്യം.
പത്തോളം പേരായിരുന്നു ഡിവൈഎഫ്‌ഐയുടെ കൊടിക്ക് കീഴിൽ ഉണ്ടായിരുന്നത്. ഈ രീതിയിൽ ശാഖകൾ തുടരാനാണ് നീക്കമെങ്കിൽ ഡിവൈഎഫ്‌ഐ ശക്തമായി നേരിടുമെന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കാനും മറന്നില്ല. പ്രതിഷേധത്തിൽ വിശ്വാസികൾ പങ്കാളികളാകണമെന്ന ആഹ്വാനവും നടത്തിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.













Discussion about this post