ബംഗളൂരു : സനാതന ധർമ്മവും ഹിന്ദുത്വവും തമ്മിൽ വ്യത്യാസമില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഹിന്ദുത്വം സമത്വത്തിലാണ് വിശ്വസിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു മതം വർഗീയതയെയും ആക്രമണത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശത്തിനാണ് ബിജെപി ചുട്ട മറുപടി നൽകിയത്.
സിദ്ധരാമയ്യ ഹിന്ദുത്വത്തോട് യോജിക്കുന്നില്ലെങ്കിൽ അതിനർത്ഥം അദ്ദേഹം സമത്വം ആഗ്രഹിക്കുന്നില്ല എന്നാണ്. ജാതീയതയിലാണ് സിദ്ധരാമയ്യ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഗൂഢാലോചന നടത്തി പർമേശ്വറിനെ അയാൾ പരാജയപ്പെടുത്തിയത് എന്നും സിടി രവി പറഞ്ഞു.
ഹിന്ദു ധർമ്മം പിന്തുടരുകയും ഹിന്ദുത്വത്തിനെതിരെ നിലകൊള്ളുകയും ചെയ്യുന്ന ഹിന്ദുവാണ് താൻ എന്നാണ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞത്. ‘ഹിന്ദുത്വവും ഹിന്ദു ധർമ്മവും വ്യത്യസ്തമാണ്. ഞാൻ എപ്പോഴും ഹിന്ദു വിരുദ്ധനും ഹിന്ദു ധർമ്മ വിരുദ്ധനുമായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ഞാൻ ഹിന്ദു ധർമ്മ വിരുദ്ധനല്ല. ഞാനും ഒരു ഹിന്ദുവാണ്, പക്ഷേ ഞാൻ മനുവാദ, ഹിന്ദുത്വ വിരുദ്ധനാണ്” സിദ്ധരാമയ്യ പറഞ്ഞു.
മനുവാദവും ഹിന്ദുത്വവും കൊലപാതകത്തെയും അക്രമത്തെയും വിവേചനത്തെയും പ്രോത്സാഹിപ്പിക്കുന്നു. അതാണ് ഹിന്ദു ധർമ്മവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം എന്നും സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
Discussion about this post