ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ മാജിക്ക് നേരില്‍കണ്ട വ്യക്തിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാന്‍ നടക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടതാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ബിജെപി ഭരണത്തിന്‍ കീഴില്‍ ഗൗതം അദാനിയുടെ വളര്‍ച്ച വലിയൊരു മാജിക് ആണെന്ന് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.
” മെഡിക്കല്‍ കോളേജ് തുറക്കുമെന്ന് പറഞ്ഞ് 30 വര്‍ഷത്തോളമാണ് ഗാന്ധി കുടുംബം ആ നാട്ടിലെ ജനങ്ങളെ പറ്റിച്ചത്. എന്നിട്ട് അവര്‍ അവരുടെ പേരില്‍ തന്നെ അവിടെ ഒരു ഗസ്റ്റ് ഹൗസ് ഉണ്ടാക്കി. അതിനിടെ ഒരു ഫാക്ടറി തുറക്കാന്‍ ഗാന്ധി കുടുംബം ആളുകളെ ക്ഷണിച്ചു. പക്ഷേ ഇതിന്റെ ഭൂമി അവരുടെ ഫൗണ്ടേഷന്‍ ഏറ്റെടുത്തു. ഒടുവില്‍ കര്‍ഷകര്‍ കോടതിയില്‍ പോയി ഗാന്ധി കുടുംബത്തിനെതിരെ ഉത്തരവ് നേടി. എന്നാല്‍ ഇതെല്ലാം മറികടന്ന് അവര്‍ ഭൂമി സ്വന്തമാക്കുന്നത് തുടര്‍ന്നു. അങ്ങനെ ഉള്ളവരാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ വന്ന് പാവങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്നും” സ്മൃതി ഇറാനി പറഞ്ഞു.
2019ല്‍ അമേഠിയില്‍ നിന്ന് ജയിച്ചത് മുതല്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. അഞ്ച് പതിറ്റാണ്ടിലേറെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ഗാന്ധി കുടുംബം മണ്ഡലത്തിന്റെ പുരോഗതി മുരടിപ്പിക്കാനാണ് ശ്രമിച്ചതെന്നും സ്മൃതി ഇറാനി ആരോപിച്ചു.








