ഗുവാഹട്ടി: ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെവന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഗുവാഹട്ടിയിൽ നടക്കുന്ന ആദ്യ വൈ20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇന്ന് കശ്മീരിൽ ദേശീയ പതാക ഉയർത്തിയാൽ ആർക്കും സമാന അനുഭവം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവമോർച്ച അദ്ധ്യക്ഷൻ ആയിരുന്ന വേളയിൽ കൊൽക്കത്തയിൽ നിന്നും കശ്മീരിലേക്ക് പ്രവർത്തകർ ഒരു യാത്ര നടത്തി. കശ്മീരിലെത്തിയ യാത്രയുടെ സമാപന വേളയിൽ ദേശീയ പതാക ഉയർത്തി. എന്നാൽ രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ തന്നെയും പ്രവർത്തകരെയും ജയിലിൽ അടച്ചു. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കശ്മീരിൽ നമുക്ക് അനുഭവിക്കേണ്ടിവരില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കുകൊണ്ട കശ്മീരിലെ ജനങ്ങൾ, എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തി. ഇത് കശ്മീരിന്റെ അമിതാധികാരം എടുത്ത് മാറ്റിയതിന്റെ പ്രധാന ഗുണം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കാണ് യുവാക്കൾക്കുള്ളത്. കൃഷി, പ്രതിരോധം, കായികം, മാദ്ധ്യമം തുടങ്ങി സർവ്വ മേഖലകളിലും നിരവധി സാദ്ധ്യതകൾ ഉണ്ട്. അവ കണ്ടെത്തി മുന്നേറുന്നവരാണ് രാജ്യത്ത് വിപ്ലവം ഉണ്ടാക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റം ആണ് രാജ്യത്ത് ഉണ്ടായതെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
Discussion about this post