ന്യൂഡൽഹി : ഭാരതത്തിലെ ജനങ്ങളാണ് തന്റെ സുരക്ഷാ കവചമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണയമ്പുകൾ കൊണ്ട് ആർക്കുമത് തകർക്കാനാവില്ല. 25 വർഷമായി രാജ്യസേവനം നടത്തുകയാണെന്നും ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം തകർക്കാനാകില്ലെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
ക്രിയാത്മകമായ വിമർശനങ്ങൾക്ക് പകരം നിർബന്ധിത വിമർശനങ്ങളാണ് കഴിഞ്ഞ 9 വർഷമായി പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇവിടെയുള്ള ചിലർക്ക് ഹാർവാർഡ് പഠനത്തോട് ഒരു പ്രത്യേക താത്പര്യമുണ്ട്. കൊറോണ കാലത്ത് ഇന്ത്യയിലെ നാശനഷ്ടങ്ങളെക്കുറിച്ച് കേസ് സ്റ്റഡി നടത്തുമെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ വർഷങ്ങളായി ഹാർവാർഡിൽ ഒരു സുപ്രധാന പഠനം നടക്കുന്നുണ്ട്. ‘കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചയും തകർച്ചയും’ എന്നതാണ് പഠനവിഷയം എന്നും അദ്ദേഹം പരിഹസിച്ചുകൊണ്ട് പറഞ്ഞു.
തങ്ങൾക്ക് മാത്രമേ അറിവുള്ളൂ എന്ന് വിശ്വസിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുന്നവർ കരുതും മോദിയെ വിമർശിച്ചാൽ മാത്രമേ ഇതിൽ നിന്ന് പുറത്തുകടക്കാനാകൂ എന്ന്. 22 വർഷമായി ഇപ്പോഴും അവർക്കാ തെറ്റിദ്ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പത്രങ്ങളിലെ തലക്കെട്ടുകളിൽ നിന്നോ ടിവിയിൽ കാണുന്ന ദൃശ്യങ്ങളിൽ നിന്നോ അല്ല നരേന്ദ്ര മോദി എന്ന വ്യക്തിയോട് ജനങ്ങൾക്ക് വിശ്വാസ്യതയുണ്ടായത്. ”ഞാൻ എന്റെ ജീവിതം, എന്റെ ഓരോ നിമിഷവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി, രാജ്യത്തിന്റെ മഹത്തായ ഭാവിക്കായി സമർപ്പിച്ചു” എന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post