ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തവുമായി ഇന്ത്യ. രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി തുർക്കിയിലെത്തി. 101 രക്ഷാപ്രവർത്തകർ ഉൾപ്പെടുന്നതാണ് സംഘം.
ഇരുരാജ്യങ്ങളിലേക്കും സഹായം എത്തിക്കാനുള്ള ദൗത്യത്തിന് ഇന്ത്യ ‘ഓപ്പറേഷൻ ദോസ്ത്’ എന്ന് പേരിട്ടു. ദൗത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.
ഇന്ത്യ നൽകുന്ന സഹായത്തിന് തുർക്കി കഴിഞ്ഞദിവസം നന്ദി അറിയിച്ചിരുന്നു. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ചാണ് തുർക്കി സ്ഥാനപതി ഫിറത്ത് സുനൽ നന്ദി അറിയിച്ചത്.
അതേസമയം അവശ്യ മരുന്നുകൾ അടക്കമുള്ള ആറ് ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ സിറിയയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട സി 130 ജെ സൈനിക വിമാനം ബസഹായവുമായി സിറിയയിലിറങ്ങി.
തുർക്കിയിൽ ഇതിനോടകം നാല് സൈനിക വിമാനങ്ങളിൽ ഇന്ത്യ സഹായം എത്തിച്ചു. മൊബൈൽ ഹോസ്പിറ്റൽ സംവിധാനങ്ങൾ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുർക്കിയിൽ എത്തിയത്. ഇതിൽ ഇന്ത്യൻ സൈന്യത്തിലെ 54 മെഡിക്കൽ ടീം അംഗങ്ങളുമുണ്ട്.
Discussion about this post