കൊച്ചി: മികച്ച നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ഫിലിം പുരസ്കാരം നടൻ ഭീമൻ രഘുവിന്. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ‘ചാണ‘ എന്ന ചിത്രത്തിനാണ് പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ജൂറി പുരസ്കാരവും ഭീമൻ രഘുവിന് ലഭിച്ചു. മൂന്ന് പുരസ്കാരങ്ങളാണ് ചാണ സ്വന്തമാക്കിയിരിക്കുന്നത്.
വേണു ബി നായർ, മോഹൻ ശർമ്മ, ബാലു കിരിയത്ത്, ഉദയൻ അമ്പാടി, പ്രമീള, സജിൻ ലാൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബിലായിരുന്നു പ്രഖ്യാപനം.
ഈ മാസമാണ് ചാണ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തെങ്കാശിയിൽ നിന്നും ചാണയുമായി തൊഴിൽ തേടി കേരളത്തിലെത്തുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രത്തിലെ നായകനും ഭീമൻ രഘു തന്നെയാണ്. നാടക രംഗത്തും സിനിമയിലുമുള്ള നിരവധി കലാകാരന്മാർ ചിത്രത്തിൽ അഭിനയിക്കുന്നു.












