തിരുവനന്തപുരം: പോടാ പോടീ വിളികൾ സ്കൂളുകളിൽ നിരോധിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർഥികളെ പോടാ, പോടീ എന്ന് വിളിക്കരുതെന്നാണ് വിദ്യാഭ്യാസവകുപ്പിൻറെ പുതിയ നിർദ്ദേശം. വിദ്യാർഥികൾക്ക് മാതൃകയാവും വിധം അധ്യാപകർ പെരുമാറണമെന്നതാണ് നിർദ്ദേശത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
കുട്ടികളുടെ കളി ചിരികളും കുസൃതികളും നിറഞ്ഞു നിൽക്കുന്ന ക്ലാസ്സ് മുറികളിൽ ഇടയ്ക്കിടെ എടാ, എടീ, പോടാ, പോടീ വിളികളും ഉണ്ടാകാറുണ്ട്. ഇക്കാര്യത്തിൽ പരാതികളുള്ള വിദ്യാർത്ഥികളും ഇല്ലാത്തവരും ഉണ്ട്.
ചിലപ്പോൾ ശാസനയുടെ സ്വരത്തിൽ ആയിരിക്കും അദ്ധ്യാപകർ ഇങ്ങനെ വിളിക്കുന്നത്. മറ്റ് ചിലപ്പോൾ തമാശയായിട്ടായിരിക്കും. ചില സാഹചര്യങ്ങളിൽ സ്നേഹത്തോടെ എടാ എടീ എന്നീ വിളിക്കുന്ന അദ്ധ്യാപകരെയും കാണാം. എടാ പോടാ വിളികൾ അത്ര മോശമല്ലന്നാണ് വിദ്യാർഥികളുടെയും പക്ഷം.
എന്നാൽ ഇത്തരം പ്രയോഗങ്ങൾക്ക് വിളക്കെർപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനം. തിരുവനന്തപുരം ജില്ലയിൽ ഇക്കാര്യത്തിൽ ഇതിനകം തന്നെ നിർദ്ദേശം നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകൾക്കും ഇത് ബാധകമാവും.
മുഖ്യമന്ത്രിക്ക് ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് വിലക്കുകൾ. എന്നാ. വിദ്യാഭ്യാസ വകുപ്പിൻറെ നിർദേശത്തെ സ്വാഗതം ചെയ്യുമ്പോഴും അധ്യാപകർക്ക് ചില ആശങ്കകളുണ്ട്. അധ്യാപകരെ ടീച്ചർ എന്ന് മാത്രം വിളിക്കണമെന്ന് നേരെത്തെ ബാലവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ഈ പുതിയ നിർദ്ദേശങ്ങളും.












