ഡല്‍ഹി: സതി നിരോധിച്ചപോലെ മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വവും നിരോധിയ്ക്കണമെന്ന് സുപ്രീം കോടതി. ബഹുഭാര്യാത്വം സാമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് അപകടമാണെന്നും സതി നിരോധിച്ച പോലെ ഇതും നിരോധിയ്ക്കണമെന്നും എ.ആര് ദാവെ, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ഭരണഘടനാ അവകാശങ്ങള്‍ ഉണ്ടെങ്കിലും മുസ്ലിം സ്ത്രീകള്‍ വിവേചനത്തിന് ഇരയാകുന്നു. വിവാഹ മോചനത്തിലോ ബഹുഭാര്യാത്വത്തിലോ സ്ര്തീകള്‍ക്ക് പരിരക്ഷയില്ല. ഇത് അവരുടെ സംരക്ഷണവും അഭിമാനവും നിഷേധിക്കലാണ്- ബെഞ്ച് പറഞ്ഞു. പിന്തുടര്ച്ചാവകാശ നിയമങ്ങളും വിവാഹ നിയമങ്ങളും സംബന്ധിച്ച കേസ് പരിഗണിയ്ക്കവെയാണ് പരാമര്‍ശം.
മുസ്ലിം വിഭാഗത്തിന്റെ നിയമങ്ങളില്‍ കാലാനുസൃതമായി പരിഷ്കാരങ്ങള്‍ നടത്തണമെന്നും കോടതി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം, ബഹുഭാര്യാത്വം എന്നിവയ്ക്കെതിരായി ഒരു സംരക്ഷണവും നിലവിലെ നിയമങ്ങളില്‍ ഇല്ല. ഇത് സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരിക്ഷിച്ചു.
ജുഡീഷ്യറി ഇത്തരം പ്രശ്നങ്ങള്‍ പരിശോധിയ്ക്കേണ്ട സമയം അതിക്രമിച്ചെന്നും ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാറും നിയമസഭയും പരിശോധിയ്ക്കേണ്ട വിഷയമാണ്. മുസ്ലിം സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പ് നല്കുന്ന അകകാശങ്ങളുടെ സംരക്ഷണവുമായി ബന്ധിപ്പിക്കേണ്ട വിഷയമാണിതെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post