ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ കോൺഗ്രസ് പലതവണ ദുരുപയോഗം ചെയ്തു. ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് 90 സംസ്ഥാന സർക്കാരുകളെ കോൺഗ്രസ് സർക്കാർ പിരിച്ചുവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആർട്ടിക്കിൾ 356, 50 തവണ ദുരുപയോഗം ചെയ്തു. അവരുടെ പേര് ശ്രീമതി ഇന്ദിരാഗാന്ധി എന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രഥമ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട നടപടിയുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
കേരളത്തിലെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാരിനെ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പിരിച്ചുവിട്ടതെങ്ങനെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ന് കോൺഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടിലേർപ്പെടുന്ന ഇടതുപാർട്ടികളെ പ്രധാനമന്ത്രി പരിഹസിച്ചു.
തമിഴ്നാട്ടിലും എംജിആർ, കരുണാനിധി തുടങ്ങിയവരുടെ സർക്കാരുകളെ കോൺഗ്രസുകാർ പിരിച്ചുവിട്ടു. ശരദ് പവാറിന്റെ സർക്കാരിനെയും താഴെയിട്ടു. എൻടിആർ ചികിത്സയ്ക്കായി അമേരിക്കയിൽ പോയപ്പോൾ അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്നും അദ്ദേഹത്തിന്റെ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടന്നതായും കണ്ടതാണെന്ന പ്രധാനമന്ത്രി പറഞ്ഞു.
നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാകും. നെഹ്‌റു വലിയ മനുഷ്യനാണ്, എന്നാൽ എന്തുകൊണ്ട് അവരാരും നെഹ്‌റു എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു.
Discussion about this post