ന്യൂഡൽഹി : അതിമാരകമായ ഭൂചലനത്തിന്റെ ആഘാതത്തിൽ തകർന്നടിഞ്ഞ തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി ഇന്ത്യൻ സംഘം രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓപ്പറേഷൻ ദോസ്ത്തിൻറെ ഭാഗമായാണ് തുർക്കിയിലേക്ക് സഹായങ്ങൾ എത്തിക്കുന്നത്. അവശ്യസാധന സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, ഉൾപ്പെടെയുള്ളവയാണ് രാജ്യത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യരുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിവുള്ള സ്‌നിഫിംഗ് ഡോഗുകളെയും തുർക്കിയിലെത്തിച്ചിട്ടുണ്ട്. ഇതിനെല്ലാം നന്ദി അറിയിച്ചുകൊണ്ട് തുർക്കി പ്രസിഡന്റ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യയോടുള്ള നന്ദി പ്രകടനത്തിന്റെ ഭാഗമായി ഒരു തുർക്കി വനിത ഇന്ത്യൻ സേനിയിലെ വനിതാ ഓഫീസറെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വനിതാ ഓഫീസറെ ഇവർ കെട്ടിപ്പിടിച്ച് മുഖത്ത് ഉമ്മ വെയ്ക്കുന്നതും, ഓഫീസർ ചിരിക്കുന്നതും ചിത്രത്തിൽ കാണാം.
ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ”വി കെയർ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ ഈ ചിത്രം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. യുദ്ധവും മനസും എങ്ങനെ ജയിക്കണമെന്ന് ഇന്ത്യൻ സൈന്യത്തിനറിയാം എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതേസമയം ഭൂകമ്പ നടന്ന സ്ഥലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാപ്രവർത്തകർ, അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ആറാമത്തെ വിമാനം തുർക്കിയിൽ എത്തിക്കഴിഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 17,176 എത്തിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിൽ മരണസംഖ്യ 14,014 ആയി ഉയർന്നതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. സിറിയയിൽ, മരിച്ചവരുടെ എണ്ണം 3,162 ആയിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും കെട്ടിടങ്ങൾക്കടിയിൽ പെട്ടുകിടക്കുകയാണ്.
Discussion about this post