ന്യൂഡൽഹി : കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന പദ്ധതികൾ തങ്ങളുടേതായി മാറ്റാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേന്ദ്രത്തിന്റെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ പദ്ധതിയെ തങ്ങളുടേതായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പദ്ധതി തന്നെ നിർത്തലാക്കുമെന്ന് അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
എല്ലാ പ്രായക്കാർക്കും വേണ്ടി പ്രതിരോധം, രോഗശമനം, പുനരധിവാസം, പരിചരണം എന്നിങ്ങനെയുള്ള സമഗ്രമായ സേവനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പദ്ധതി ആരംഭിച്ചത്. കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമമായി യഥാക്രമം 60:40 വിഹിതത്തിലാണ് ഈ സ്‌കീം പ്രവർത്തിക്കുന്നത്.
എന്നാൽ ഇവിടെ അതല്ല നടക്കുന്നത്. എല്ലാം സംസ്ഥാന സർക്കാർ പദ്ധതികളാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കരാറിലെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും ഇത് ലംഘിച്ചാൽ പദ്ധതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയാണ് ഈ പ്രത്യേക പദ്ധതികൾ കൊണ്ടുവരുന്നതെന്ന് സംസ്ഥാനങ്ങളിലെ പലർക്കും അറിയില്ല. കാരണം ഇത് മറ്റൊരു പേരിലാണ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത്. കോ-ബ്രാൻഡിംഗിനെ പ്രോത്സാഹിപ്പിക്കുമെന്നും, എന്നാൽ സോളോ-സ്റ്റിക്കറിംഗ് അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചെങ്കിലും അവയ്ക്ക് മൊഹല്ല ക്ലിനിക്ക് എന്ന് പേരിട്ടു. ഇതിനായി ഉപയോഗിച്ച പണം മുഴുവൻ കേന്ദ്ര സർക്കാരിന്റേതാണ്. പഞ്ചാബ്, ഡൽഹി സർക്കാരുകളുടെ പേരെടുത്ത് പരാമർശിക്കാതെയാണ് ആരോഗ്യമന്ത്രിയുടെ വിമർശനം.
ആരോഗ്യ കേന്ദ്രം വെൽനസ് സെന്ററായി വികസിപ്പിക്കുന്നതിന് 10 ലക്ഷം രൂപയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർക്ക് 10 ലക്ഷം രൂപയും കേന്ദ്രം നൽകുന്നുണ്ട്. ഇതിൽ 150 തരം മരുന്നുകളുണ്ട്. അതിൽ 60 ശതമാനവും കേന്ദ്രത്തിന്റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post