ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയതിന്റെ ആവേശത്തിലാണ് രാജ്യം. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ)യില്‍ നിന്നുള്ള വിവരം അനുസരിച്ച് ഏതാണ്ട് 5.9 ദശലക്ഷം ടണ്ണിന്റെ വന്‍ ലിഥിയം നിക്ഷേപമാണ് ജമ്മു കശ്മീരിലെ രാസി ജില്ലയില്‍ ഉള്ളത്.
ഇന്ത്യയെ സംബന്ധിച്ചെടുത്തോളം വലിയൊരു സാധ്യതയാണ് ലിഥിയം ശേഖരത്തിലൂടെ തുറക്കപ്പെടുന്നത്. ഇലക്ട്രിക് വാഹന പദ്ധതി, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ വളരെ നിര്‍ണ്ണായകമായ ലിഥിയം ഉള്‍പ്പടെയുള്ള സുപ്രധാന ധാതുക്കളുടെ വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും സ്രോതസ്സുകളും കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അക്ഷരാര്‍ത്ഥത്തില്‍ ‘നിധി’ പോലെ ലിഥിയം ശേഖരം കണ്ടെത്തുന്നത്.
എന്തുകൊണ്ടാണ് ഈ കണ്ടെത്തല്‍ ഇത്ര വലിയ വാര്‍ത്തയാകുന്നതെന്നും ഇന്ത്യയെ സംബന്ധിച്ച് ഈ ലിഥിയം ശേഖരം എത്ര പ്രതീക്ഷ നല്‍കുന്നതാണെന്നും ലിഥിയത്തിന്റെ സവിശേഷതകളും ഉപയോഗങ്ങളും എന്താണെന്നും പരിശോധിക്കാം.
- ഇതാദ്യമായാണ് ഇന്ത്യയില്‍ ലിഥിയം കണ്ടെത്തുന്നത്.
- ഏതാണ്ട് 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.
- ബൈപ്പോളാര്‍ രോഗ ചികിത്സയ്ക്കുള്‍പ്പടെ മെഡിക്കല്‍ രംഗത്തും ബാറ്ററി നിര്‍മ്മാണ മേഖലയിലും മറ്റനേകം മേഖലകളിലും ഭാരം കുറഞ്ഞ ഈ ലോഹം വന്‍ തോതില്‍ ഉപയോഗിക്കുന്നു.
- ഇലക്ട്രിക് വാഹന രംഗത്ത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കുതിപ്പേകാന്‍ ലിഥിയം ശേഖരം സഹായകമാകും.
- നിലവില്‍ ഓസ്‌ട്രേലിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന ലിഥിയം ഉള്‍പ്പടെയുള്ള ധാതുക്കളുടെ ഇറക്കുമതി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്ത് ലിഥിയം കണ്ടെത്തുന്നത്.
- ലിഥിയം, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങി നിരവധി ധാതുക്കള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തിയത് ധാതുനിക്ഷേപ രംഗത്ത് ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും.
- നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ആയാലും സോളാര്‍ പാനല്‍ ആയാലും ലിഥിയം ഉള്‍പ്പടെയുള്ള സുപ്രധാന ധാതുക്കള്‍ ഇല്ലാതെ അവ നിര്‍മ്മിക്കാനാകില്ല.
- ബാറ്ററി നിര്‍മ്മാണ രംഗത്ത് ലിഥിയം ബാറ്ററികള്‍ വിപ്ലവാത്മക കണ്ടെത്തല്‍ ആയിരുന്നു. ബാറ്ററിയുടെ വലുപ്പം കുറയ്ക്കാനും സംഭരണ ശേഷി മെച്ചപ്പെടുത്താനും ലിഥിയത്തിലൂടെ സാധിക്കുന്നു.
- ലോകത്തിലെ അമ്പത് ശതമാനം ലിഥിയം നിക്ഷേപവും അര്‍ജന്റീന, ചിലി, ബൊളീവിയ എന്നീ മൂന്ന് തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ്.
- ബൊളീവിയയിലെ സലര്‍ ദെ ഉയുനിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ളത്. എന്നാല്‍ നിയമങ്ങളിലൂടെ ഇവിടുത്തെ സര്‍ക്കാര്‍ ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Discussion about this post