ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വരുന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ കോൺഗ്രസിന്റെ സ്ഥിതി എന്താണെന്ന് പറയാൻ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം.
തമിഴ്നാട്ടിലെ കന്യാകുമാരി മുതൽ ജമ്മു കശ്മീരിലെ ശ്രീനഗർ വരെ 145 ദിവസം രാഹുൽ ഗാന്ധി നടത്തിയ കാൽനട യാത്രയുടെ ഫലം ഈ മാസം നടക്കുന്ന ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് ശേഷം കാണാം.
രാഹുൽ ഗാന്ധി ഇപ്പോൾ ഇന്ദിരാ ഗാന്ധിയുടെ ചെറുമകനോ, രാജീവ് ഗാന്ധിയുടെ മകനോ അല്ല. മറിച്ച് ഒരു മനുഷ്യനായി മാറിയെന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത്. ഇന്ന് രാഹുലിനെ ആളുകൾ വളരെ വ്യത്യസ്തനായാണ് കാണുന്നത്.
എന്നാൽ 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കനത്ത പോരാട്ടം നടത്താൻ ഒരു രാഷ്ട്രീയ പാർട്ടിക്കും സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിക്ക് ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. ബിജെപി ഭരണത്തിന് കീഴിൽ എല്ലാ മേഖലകളിലും രാജ്യം പുരോഗതി കൈവരിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷ വർദ്ധിപ്പിക്കാനും പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും സാധിച്ചതിന് പുറമേ , അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.
എട്ട് വർഷം കൊണ്ട് രാജ്യത്തെ 60 കോടി ദരിദ്രരുടെ ജീവിത നിലവാരം ഉയർത്താനാണ് സർക്കാർ ശ്രമിച്ചത്. അതിൽ വിജയം കൈവരിച്ചു. റെയിൽവേ മേഖലയിലും ബഹിരാകാശ മേഖലയിലും രാജ്യം കുതിച്ചുയരുകയാണ്. ഡ്രോൺ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post