ഡല്‍ഹി: നേപ്പാളില്‍ മധേസി വിഭാഗക്കാരുടെ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പൗരന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലിയുമായി ഫോണില്‍ സംസാരിച്ച മോദി സംഭവത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.
എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണാന്‍ നേപ്പാളി നേതാക്കന്മാര് ഒത്തുപ്രവര്ത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നേപ്പാള്‍ അംബാസഡറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് വിഷയത്തില്‍ മോദി ഒലിയുമായി സംസാരിച്ചത്.
തിങ്കളാഴ്ച ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബിര്‍ഗഞ്ചില്‍ മധേസി പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിലാണ് ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ടത്. ബിഹാറിലെ റക്സൗള്‍ സ്വദേശിയായ ആശിശ് റാം(19)? ആണ് മരിച്ചത്. അതേസമയം, നേപ്പാളിന്രെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടരുതെന്ന് പ്രധാനമന്ത്രി ഒലി വ്യക്തമാക്കുകയുണ്ടായി.
വെടിവെപ്പ് സംഭവത്തിനു പിന്നാലെ കാഠ്മണ്ഡുവില്‍ ഒരു ചടങ്ങിലായിരുന്നു ഒലിയുടെ മുന്നറിയിപ്പ്. മധേസി മേഖലയിലെ രാഷ്ട്രീയ കക്ഷികളെ പ്രകോപിപ്പിച്ച് ഇന്ത്യ അതിര്‍ത്തി വാണിജ്യ പോസ്റ്റുകളിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെടുത്തുകയാണെന്ന് ഒലി ആരോപിച്ചു. പ്രക്ഷോഭകരുടെ ആവശ്യങ്ങളില്‍ ഇടപെടേണ്ടത് നേപ്പാളിന്റെ ഉത്തരവാദിത്തമാണെന്നും പുതിയ ഭരണഘടന മറ്റൊരു രാജ്യത്തിനും എതിരല്ലെന്നും ഒലി പറഞ്ഞു.
പുതിയ ഭരണഘടനയ്ക്കും ഏഴ് പ്രവിശ്യകളുടെ അതിര്‍ത്തി നിര്‍ണയത്തിനും എതിരെ ആരംഭിച്ച പ്രക്ഷോഭം ദക്ഷിണ നേപ്പാളില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട്. നാല്പത് ദിവസത്തോളമായി പ്രക്ഷോഭം തുടരുകയാണ്.
Discussion about this post