തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് കള്ളമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്. ശ്രീനിവാസന്റെയും മകന് വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘തിരിച്ചറിവിനു നന്ദി’ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്-
എന്റെ അച്ഛന് എനിക്കു തന്ന ആദ്യ ഉപദേശം നീ ഒരു കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീടു കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന് പറയുന്നു, നീ ഒരിക്കലും കമ്യൂണിസ്റ്റ് ആകരുത്. അത് അച്ഛനു പറ്റിയ ഏറ്റവും വലിയ ഒരു തെറ്റാണെന്ന്- വിനീത് ശ്രീനിവാസന്
കമ്യൂണിസം ഇന്നു പാവങ്ങളെ പറ്റിച്ച് ചിലര്‍ക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു- ശ്രീനിവാസന്
എന്നാല്‍ താന്‍ ഇങ്ങനെയൊരു അഭിപ്രായം പറയുകയോ അറിയുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ ഉപദേശം നല്കാന് ഞാന്‍ മെനക്കെട്ടിട്ടില്ല. ഈ പ്രചരിക്കുന്നപോലൊരു രാഷ്ട്രീയ നിലപാടു മറ്റൊരിടത്തും ഞാന്‍ പറഞ്ഞിട്ടുമില്ല. എന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന ഈ അഭിപ്രായം ഏറെപ്പേര്‍ ചര്ച്ചചെയ്യുന്നതായി സുഹൃത്ത് പറഞ്ഞറിഞ്ഞു-അദ്ദേഹം പറഞ്ഞു.
ഇത്തരം ഒരു നുണപ്രചാരണം ശരിയല്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമുണ്ടാവും. ഞാന്‍ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും പ്രകോപനമുണ്ടായാല്‍ അതിനു മറുപടി പറയാന്‍ എനിക്കറിയാം.. പക്ഷേ, ഇതു ഞാന്‍ പറയാത്ത കാര്യമാണ്. ഇതും തിരഞ്ഞെടുപ്പു പ്രചാരണ കുതന്ത്രമാവാം. പക്ഷേ, അതിന് എന്നെ കരുവാക്കരുത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ശ്രീനിവാസന് പറഞ്ഞു.
Discussion about this post